അധ്യാപക നിയമന അഴിമതി: മമതയുടെ മരുമകനെ സിബിഐ ആറ് മണിക്കൂർ ചോദ്യം ചെയ്തു

രാവിലെ 10.58ന് സ്വന്തമായി വാഹനം ഓടിച്ചാണ് സിബിഐ ഓഫിസിൽ അഭിഷേക് എത്തിയത്. കേസുമായി ബന്ധപ്പെട്ട് തൃണമൂൽ ഉന്നതരുമായി അടുപ്പമുള്ള സുജയ് കൃഷ്ണ ഭദ്രയുടെ വസതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. അനധികൃത നിയമനങ്ങളിൽ പങ്കുണ്ടെന്ന ആരോപണം നേരിടുന്ന ഭദ്ര മാർച്ച് 15ന് സിബിഐക്ക് മുൻപാകെ ഹാജരായിരുന്നു.
തന്നെ ചോദ്യം ചെയ്യാൻ സിബിഐയ്ക്കും ഇഡിക്കും അനുമതി നൽകിയ ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് സുപ്രീം കോടതിയെ താൻ സമീപിക്കുമെന്ന് ചൂണ്ടിക്കാട്ടി അഭിഷേക് സിബിഐക്ക് കത്ത് നൽകിയിരുന്നു. മുഖ്യമന്ത്രി മമത ബാനർജിയുടെ അനന്തരവൻ കൂടിയായ അഭിഷേകിനെ ചോദ്യം ചെയ്യാൻ കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി അനുമതി നൽകിയത്.