

ചെന്നൈ: രാജ്യത്തെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണ നടപടികൾ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് സർക്കാർ സുപ്രീം കോടതിയെ സമീപിക്കാൻ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് ചേർന്ന സർവകക്ഷി യോഗത്തിലാണ് സുപ്രീം കോടതിയെ സമീപിക്കാൻ തീരുമാനമെടുത്തത്.(Tamil Nadu to the Supreme Court against SIR)
2026-ലെ തിരഞ്ഞെടുപ്പിന് ശേഷം എസ്.ഐ.ആർ. നടത്തിയാൽ മതിയെന്നാണ് തമിഴ്‌നാടിന്റെ പ്രധാന ആവശ്യം. തിരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്രസർക്കാരിന് വേണ്ടി പ്രവർത്തിക്കുകയാണെന്നും തമിഴ്‌നാട് സർക്കാർ ആരോപിച്ചു.
ഡി.എം.കെ. വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ 49 പാർട്ടികൾ പങ്കെടുത്തു. ഈ യോഗത്തിൽ എസ്.ഐ.ആറിനെതിരായ പ്രമേയം പാസാക്കി. യോഗത്തിലേക്ക് ബി.ജെ.പി., എ.ഐ.എ.ഡി.എം.കെ. പാർട്ടികളെ ക്ഷണിച്ചിരുന്നില്ല. ടി.വി.കെ., എൻ.ടി.കെ., എ.എം.എം.കെ. എന്നീ പാർട്ടികൾ പങ്കെടുക്കുകയുമുണ്ടായില്ല.
അതേസമയം, ബംഗാളിലും തീവ്ര വോട്ടർ പട്ടിക പരിഷ്ക്കരണവുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങളും ആശങ്കകളും ശക്തമാണ്. വീടുകൾ തോറുമുള്ള വിവരശേഖരണത്തിന് കേന്ദ്രസേനയുടെ സുരക്ഷ വേണമെന്ന ആവശ്യവുമായി താഴെത്തട്ടിലെ ജീവനക്കാർ രംഗത്തെത്തി. വിവരശേഖരണത്തിനിടെ നടക്കുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് പരിശീലന പരിപാടിയിൽ വെച്ച് ബൂത്ത് ലെവൽ ഓഫീസർമാർ ഉൾപ്പെടെയുള്ളവർ ഈ ആവശ്യം ഉന്നയിച്ചത്.
വിഷയം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുമെന്ന് സംസ്ഥാന കമ്മീഷൻ വ്യക്തമാക്കി. എസ്.ഐ.ആറിനെതിരെ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ഈ മാസം നാലിന് കൊൽക്കത്തയിൽ റാലി നടത്തുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.