

തിരുവനന്തപുരം: ഐ.എ.എസ്. ഉദ്യോഗസ്ഥനായ രാജു നാരായണസ്വാമിക്കെതിരെ സുപ്രീം കോടതി അഭിഭാഷകൻ വക്കീൽ നോട്ടീസ് അയച്ചു. സുപ്രീം കോടതിയിലെ കേസ് നടത്തിപ്പിന് ഫീസ് നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകൻ കെ.ആർ. സുഭാഷ് ചന്ദ്രൻ നോട്ടീസ് നൽകിയത്.(Supreme Court lawyer's legal notice against Raju Narayana Swamy)
ചീഫ് സെക്രട്ടറി ഗ്രേഡിലേക്ക് സ്ഥാനക്കയറ്റം നൽകിയില്ലെന്ന് കാട്ടി സംസ്ഥാന സർക്കാരിനെതിരെ രാജു നാരായണസ്വാമി നൽകിയ കേസിൽ ഹാജരായ അഭിഭാഷകനാണ് കെ.ആർ. സുഭാഷ് ചന്ദ്രൻ.
സുപ്രീം കോടതിയിലെ കേസ് നടത്തിപ്പിന് രാജു നാരായണസ്വാമി 3,85,000 രൂപ ഫീസ് നൽകാനുണ്ടെന്നാണ് വക്കീൽ നോട്ടീസിലെ പ്രധാന ആരോപണം. കേസ് നടത്തിയതിന് രണ്ട് തവണയായി 3,85,000 രൂപയുടെ ബില്ല് രാജു നാരായണസ്വാമിക്ക് കൈമാറിയെന്നും നോട്ടീസിൽ പറയുന്നു.
ഫീസ് ചോദിച്ചപ്പോൾ രാജു നാരായണസ്വാമി പ്രിൻസിപ്പൽ സെക്രട്ടറി എന്ന പദവി ദുരുപയോഗപ്പെടുത്തി ഭീഷണിപ്പെടുത്തിയെന്നും വക്കീൽ നോട്ടീസിൽ അഭിഭാഷകൻ ആരോപിച്ചിട്ടുണ്ട്. പ്രതിമാസം രണ്ട് ശതമാനം പലിശയോടെ ഫീസ് നൽകിയില്ലെങ്കിൽ, രാജു നാരായണസ്വാമിയുടെ സ്വത്തുവകകൾ കണ്ടുകെട്ടുന്നതിനുള്ള നിയമനടപടികൾ ആരംഭിക്കുമെന്നും നോട്ടീസിൽ മുന്നറിയിപ്പ് നൽകുന്നു.