ന്യൂഡൽഹി: ഫരീദാബാദിൽ വൻ സ്ഫോടകവസ്തു ശേഖരം പിടികൂടിയ കേസിൽ അറസ്റ്റിലായ അൽ–ഫലാ മെഡിക്കൽ കോളജിലെ വനിതാ ഡോക്ടർ ഷഹീൻ സയീദ് വിചിത്രമായ പെരുമാറ്റം കാഴ്ചവെച്ചിരുന്നുവെന്ന് സഹപ്രവർത്തകർ. കോളജിലെ അച്ചടക്കം പാലിക്കാനോ മാനദണ്ഡങ്ങൾ അനുസരിക്കാനോ അവർ തയ്യാറായിരുന്നില്ലെന്നും പലപ്പോഴും ആരെയും അറിയിക്കാതെ കോളജിൽ നിന്നു പുറത്തുപോകാറുണ്ടായിരുന്നുവെന്നും സഹപ്രവർത്തകർ വെളിപ്പെടുത്തി.(Shaheen Saeed's behavior is strange, says Colleagues)
"പലരും ഷഹീൻ സയീദിനെ കാണാനെത്താറുണ്ടായിരുന്നു. അവരുടെ പെരുമാറ്റം പലപ്പോഴും വിചിത്രമായിരുന്നു. അവർക്കെതിരെ മാനേജ്മെന്റിന് പരാതി വരെ ലഭിച്ചിട്ടുണ്ട്. എന്നാൽ ഇത്തരമൊരു ഗുരുതരമായ കാര്യത്തിൽ അവർ ഉൾപ്പെടുമെന്ന് ഒരിക്കലും കരുതിയില്ല," കോളജിലെ ഒരു പ്രൊഫസർ പറഞ്ഞു.
എൻ.ഐ.എയുടെ അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കുമെന്നും സഹപ്രവർത്തകർ വ്യക്തമാക്കി. ലഖ്‌നൗ സ്വദേശിയായ ഷഹീൻ സയീദ് ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദിന്റെ (ജെ.ഇ.എം.) വനിതാവിഭാഗമായ ജമാഅത്തുൽ മൊമിനാതിന് രൂപംനൽകാൻ ചുമതലപ്പെട്ടയാളാണെന്നാണ് അന്വേഷണ ഏജൻസിയുടെ കണ്ടെത്തൽ. ഫരീദാബാദിൽ സ്ഫോടകവസ്തു പിടികൂടിയതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡോ. മുസമ്മിൽ ഷക്കീലിന്റെ സഹപ്രവർത്തക കൂടിയാണ് ഷഹീൻ സയീദ്.
ഇവരുടെ കാറിൽ നിന്ന് തോക്കുകൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ പോലീസ് കണ്ടെത്തിയിരുന്നു. ഭീകരസംഘത്തിന്റെ പ്രവർത്തനങ്ങൾക്കുവേണ്ടി 40 ലക്ഷം മുതൽ 50 ലക്ഷം രൂപയോളം ഷഹീൻ സമാഹരിച്ചുവെന്നാണ് പോലീസ് നൽകുന്ന വിവരം.