ജമ്മു കാശ്‌മീരിൽ ആറാം ദിനവും തീവ്രവാദികളെ തുരത്താൻ ശ്രമം തുടർന്ന് സേന

ശ്രീനഗർ: ജമ്മുകാശ്‌മീരിലെ അനന്ദ്‌നാഗിലുള്ള ഗദോൾ നിബിഡ വനങ്ങളിൽ നിന്ന് ഭീകരരെ തുരത്താനുള്ള ഇന്ത്യൻ സേനയുടെ ശ്രമം ആറാം ദിവസത്തിലേക്ക്. 120ലേറെ മണിക്കൂറുകളായി തുടരുന്ന ഏറ്റുമുട്ടലിൽ ഒരു ഭീകരന്റെ കത്തിക്കരിഞ്ഞ മൃതദേഹം സൈന്യം കണ്ടെത്തി. വസ്ത്രത്തിന്റെ പാറ്റേൺ അനുസരിച്ച് മൃതദേഹം ഭീകരന്റേതാണെന്നാണ് സൈന്യത്തിന്റെ നിഗമനം.

ഇന്ന് അതിരാവിലെയാണ് ഭീകരരെ കണ്ടെത്താനുള്ള തിരച്ചിൽ പുനരാരംഭിച്ചത്. മറ്റൊരു സൈനികന്റെ മൃതദേഹം ഡ്രോണിലൂടെ തിരിച്ചറിഞ്ഞത് വീണ്ടെടുക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. ഒരു ഭീകരന്റെ മൃതദേഹവും ഇത്തരത്തിൽ കണ്ടെത്തി. ഇന്നലെ മണിക്കൂറുകളോളം സേനയും ഭീകരരും തമ്മിൽ പോരാട്ടം തുടർന്നെങ്കിലും ഇന്ന് പുതിയതായി വെടിവയ്പ്പ് തുടങ്ങിയിട്ടില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. പാര കമാൻഡോകൾ ഉൾപ്പെടെ നൂറുകണക്കിന് ഇന്ത്യൻ ട്രൂപ്പുകളാണ് പോരാട്ട രംഗത്തുള്ളത്. കനത്ത കാടുകളെ മറയാക്കി ഭീകരർ നടത്തുന്ന വെടിവയ്പ്പിന് ശക്തമായ തിരിച്ചടി ഇന്ത്യൻ സേന നൽകുന്നുണ്ട്.