
ചെന്നൈ: നടനും രാഷ്ട്രീയ പ്രവർത്തകനുമായ കമൽഹാസന്റെ സിനിമകളെ ബഹിഷ്‌ക്കരിക്കണമെന്ന ആഹ്വാനവുമായി തമിഴ്നാട് ബി.ജെ.പി. നടൻ സൂര്യയുടെ നേതൃത്വത്തിൽ രൂപീകരിച്ച ജീവകാരുണ്യ സംഘടന 'അഗരം ഫൗണ്ടേഷൻ' സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുമ്പോൾ 'സനാതന ധർമത്തെക്കുറിച്ച്' കമലഹാസൻ നടത്തിയ പരാമർശമാണ് ബി.ജെ.പിയെ ചൊടിപ്പിച്ചത്. പരിപാടിയിൽ നീറ്റ് പ്രവേശന പരീക്ഷയെയും കമൽഹാസൻ രൂക്ഷമായി വിമർശിച്ചിരുന്നു.
തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ സനാതന ധർമ്മത്തെ കുറിച്ച് നടത്തിയ പരാമർശങ്ങൾ ഉയർത്തിപിടിച്ചാണ് കമൽ സംസാരിച്ചത്. 'കൊതുകുകൾ മൂലമുണ്ടാകുന്ന രോഗങ്ങൾ' എന്നാണ് ഉദയനിധി സ്റ്റാലിൻ സനാതന ധർമ്മത്തെ വിശേഷിപ്പിച്ചതെന്ന് കമൽഹാസൻ അഗരം ഫൗണ്ടേഷൻ സംഘടിപ്പിച്ച പരിപാടിയിൽ പറഞ്ഞു. കൂടാതെ 2017 മുതൽ നീറ്റ് പ്രവേശന പരീക്ഷ നിരവധി കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചു. അഗരം ഫൗണ്ടേഷന് പോലും ഇതിൽ ഒന്നും ചെയ്യാൻ കഴിയുന്നില്ലെന്നും കമൽ പറഞ്ഞു. നിയമത്തിൽ ഭേദഗതി നൽകാനുള്ള ശക്തി വിദ്യാഭ്യാസത്തിന് മാത്രമേ കഴിയൂ. ഈ യുദ്ധത്തിൽ വിദ്യാഭ്യാസം വെറുമൊരു ആയുധമല്ല, മറിച്ച് രാഷ്ട്രീയമെന്ന ശിൽപത്തെ മൂർച്ചകൂടാനുള്ള ഉളിയായി നാം അതിനെ കാണണമെന്ന്' കമൽഹാസൻ പറഞ്ഞിരുന്നു.
ഇതിനെതിരെയാണ് തമിഴ്നാട് ബി.ജെ.പി പ്രവർത്തകർ രംഗത്തെത്തിയത്. ഒ.ടി.ടിയിൽ പോലും കമലിൻറെ സിനിമകൾ കാണരുതെന്ന് എല്ലാ ഹിന്ദുക്കളോടും അഭ്യർഥിക്കുന്നതായി ബി.ജെ.പി സംസ്ഥാന സെക്രട്ടറി അമർ പ്രസാദ് റെഡ്ഡി പറഞ്ഞു. 'ആദ്യം ഇത് ഉദയനിധി സ്റ്റാലിനായിരുന്നു. ഇപ്പോൾ, സനാതന ധർമ്മം നശിപ്പിക്കാൻ ആഗ്രഹിക്കുന്നത് കമലാണ്. നമുക്ക് അവരെ ഒരു പാഠം പഠിപ്പിക്കണം' എന്നായിരുന്നു അമർ പ്രസാദ് റെഡ്ഡിയുടെ സോഷ്യൽ മീഡിയ പോസ്റ്റ്.