ജയ്പുർ: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിടുമ്പോഴും, ഉപതിരഞ്ഞെടുപ്പ് നടന്ന രാജസ്ഥാനിലെയും തെലങ്കാനയിലെയും ഫലങ്ങൾ കോൺഗ്രസ് പാർട്ടിക്ക് ആശ്വാസം നൽകുന്നു. രാജസ്ഥാനിൽ ബി.ജെ.പി.യുടെ സിറ്റിംഗ് സീറ്റിൽ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വ്യക്തമായ ലീഡുണ്ട്.(Relief for Congress in Rajasthan and Telangana)
രാജസ്ഥാനിലെ ആന്റയിൽ കോൺഗ്രസിന് 7000-ത്തിലധികം വോട്ടിന്റെ ലീഡ് ഉണ്ട്. ബി.ജെ.പി. എം.എൽ.എ. കുറ്റകൃത്യത്തിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് ഉപതിരഞ്ഞെടുപ്പ് നടന്ന ആന്റ മണ്ഡലത്തിൽ കോൺഗ്രസാണ് മുന്നിട്ട് നിൽക്കുന്നത്. വോട്ടെണ്ണൽ 11 റൗണ്ട് പിന്നിട്ടപ്പോൾ കോൺഗ്രസ് സ്ഥാനാർത്ഥി പ്രമോദ് ജെയിന് ഏഴായിരത്തിലധികം വോട്ടിന്റെ ലീഡാണുള്ളത്.
മണ്ഡലത്തിൽ ബി.ജെ.പി.യുടെ മോർപാൽ സുമനെ പിന്തള്ളി സ്വതന്ത്ര സ്ഥാനാർത്ഥി നരേഷ് മീണയാണ് രണ്ടാമത് നിൽക്കുന്നത്. ബി.ജെ.പി. മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് ശ്രദ്ധേയമാണ്. 2005-ലെ സർപഞ്ച് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസിൽ അന്നത്തെ സബ് ഡിവിഷണൽ ഓഫീസറെ പിസ്റ്റൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി എന്ന കേസിൽ ബി.ജെ.പി. എം.എൽ.എ. കൻവർ ലാൽ മീണയെ കോടതി മൂന്ന് വർഷം തടവിന് ശിക്ഷിച്ചിരുന്നു. സുപ്രീം കോടതി അപ്പീൽ തള്ളിയതോടെയാണ് അദ്ദേഹത്തെ അയോഗ്യനാക്കിയത്.
തെലങ്കാനയിലെ ജൂബിലി ഹിൽസ് ഉപതിരഞ്ഞെടുപ്പിലും കോൺഗ്രസിന് ശുഭസൂചനകളാണ് ലഭിക്കുന്നത്. കോൺഗ്രസ് പാർട്ടിയുടെ നവീൻ യാദവാണ് മുന്നിൽ നിൽക്കുന്നത്. മൂന്ന് റൗണ്ട് എണ്ണൽ പൂർത്തിയായപ്പോൾ നവീൻ യാദവ് 2,995 വോട്ടുകളുടെ ലീഡോടെ മുന്നിലാണ്.
സിറ്റിംഗ് എം.എൽ.എ. മാഗന്തി ഗോപിനാഥിന്റെ മരണത്തെത്തുടർന്നുണ്ടായ ഉപതിരഞ്ഞെടുപ്പിൽ, ബി.ആർ.എസ്. (BRS) ഗോപിനാഥിന്റെ ഭാര്യ സുനിതയെയും ബി.ജെ.പി. ലങ്കാല ദീപക് റെഡ്ഡിയെയും രംഗത്തിറക്കി. ജൂബിലി ഹിൽസിൽ കോൺഗ്രസ് ജയിക്കുമെന്നായിരുന്നു എക്സിറ്റ് പോളുകൾ പ്രവചിച്ചിരുന്നത്.