ഡല്‍ഹി: ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനം ഭീകരാക്രമണമെന്ന് സ്ഥിരീകരിച്ച് കേന്ദ്ര മന്ത്രിസഭ. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ സുരക്ഷാ കാര്യ സമിതി സംഭവം ഭീകരാക്രമണമെന്ന് സ്ഥിരീകരിച്ചുകൊണ്ട് പ്രമേയം പാസാക്കി.
രണ്ടുമിനിറ്റ് നേരം മൗനം ആചരിച്ചു. ഭീകരവാദത്തോട് ഒരു സന്ധിയുമില്ലെന്ന് വ്യക്തമാക്കിയ കേന്ദ്ര സര്‍ക്കാര്‍ ഏജൻസികളോട് ആഴത്തിൽ അന്വേഷണം നടത്താൻ നിർദ്ദേശം നല്‍കി. രാജ്യം ഹീനമായ ഭീകരാക്രമണത്തിന് സാക്ഷ്യം വഹിച്ചെന്ന് കേന്ദ്ര മന്ത്രിസഭ. ദേശവിരുദ്ധ ശക്തികളാണ് കാർ സ്ഫോടനം നടത്തിയതെന്നും എല്ലാ തരത്തിലുള്ള ഭീകരവാദത്തെയും അപലപിക്കുന്നതായും ഭീകരവാദത്തോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം തുടരുമെന്നും മന്ത്രിസഭാ യോഗത്തിൽ പറഞ്ഞു.
ആഴത്തിലുള്ള അന്വേഷണം നടക്കുമെന്നും അതിശക്തമായ അന്വേഷണത്തിന് അന്വേഷണ ഏജൻസികൾക്ക് നിർദേശം നൽകിയതായും മന്ത്രിസഭാ അറിയിച്ചു.പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവർ യോഗത്തിൽ പങ്കെടുത്തു.