ബലാത്സംഗത്തിനിരയായ പെൺകുട്ടിയെ വെട്ടിക്കൊന്നു; പീഡനക്കേസ് പ്രതിയുടെ സഹോദരൻ അറസ്റ്റിൽ
Nov 21, 2023, 17:23 IST

കൗസംബി: പീഡനത്തിനിരയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വെട്ടിക്കൊന്നു. തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെ ഉത്തർപ്രദേശിലെ കൗസംബി ജില്ലയിലെ മഹെവാഘട്ടിലാണ് സംഭവം നടന്നത്. പ്രാഥമിക അന്വേഷണത്തിൽ പീഡനക്കേസ് പ്രതിയുടെ സഹോദരനാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. വയലിൽ നിന്നും മടങ്ങുകയായിരുന്ന കുട്ടിയെ പ്രതി പിന്തുടരുകയും പിന്നാലെ കോടാലി ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു. പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പ്രതിക്കെതിരെ പൊലീസ് കേസെടുത്തത്. ദിവസങ്ങൾക്ക് മുമ്പാണ് പീഡനക്കേസ് പ്രതിയെ ജാമ്യത്തിൽ വിട്ടത്. ഇതിന് പിന്നാലെ പ്രതി ഒത്തുതീർപ്പിന് പെൺകുട്ടിയുടെ കുടുംബത്തോട് സമ്മർദ്ദം ചെലുത്തിയിരുന്നതായാണ് റിപ്പോർട്ട്.