ന്യൂഡൽഹി: ഇന്ത്യൻ സൈന്യവുമായി ബന്ധപ്പെട്ട തന്ത്രപ്രധാന വിവരങ്ങൾ പാകിസ്ഥാൻ ചാരസംഘടനയായ ഐ.എസ്.ഐക്ക് (ISI) ചോർത്തി നൽകിയെന്ന കണ്ടെത്തലിനെ തുടർന്ന് പഞ്ചാബ് സ്വദേശിയായ യുവാവിനെ രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിൽ നിന്ന് അറസ്റ്റ് ചെയ്തു. പഞ്ചാബ് സ്വദേശിയായ പ്രകാശ് സിങ് (ബാദൽ - 34) ആണ് പിടിയിലായത്. സാമ്പത്തിക നേട്ടം ലക്ഷ്യമിട്ടാണ് ഇയാൾ അതിർത്തിയിലെ സുപ്രധാന വിവരങ്ങൾ പാക് ചാര സംഘടനയ്ക്ക് കൈമാറിയതെന്ന് അന്വേഷണത്തിൽ വ്യക്തമായി.(Punjab native arrested for leaking Indian Army information to Pakistan's spy agency ISI)
നവംബർ 27-നാണ് ഇയാൾ പോലീസിന്റെ വലയിലായത്. ശ്രീ ഗംഗാനഗറിനടുത്ത് സാധുവാലിയിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സൈന്യത്തിന്റെ കേന്ദ്രത്തിന് സമീപം ഇയാളെ സംശയാസ്പദമായി കണ്ടെന്ന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അതിർത്തി രഹസ്യാന്വേഷണ വിഭാഗം ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഇയാൾ ഐ.എസ്.ഐയിൽ നിന്ന് പണം കൈപ്പറ്റിക്കൊണ്ട് രാജസ്ഥാനിലെയും പഞ്ചാബിലെയും ഗുജറാത്തിലെയും അതിർത്തി മേഖലകളിലെ സൈനിക കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങളാണ് പാകിസ്ഥാന് നൽകിയിരുന്നത്. സൈനിക വാഹനങ്ങളെയും സൈനിക സജ്ജീകരണങ്ങളെയും അതിർത്തികളിലെ ഭൗമ സാഹചര്യങ്ങളും പാലങ്ങളും റോഡുകളും റെയിൽവേ ലൈനുകളും പുതുതായി നടക്കുന്ന നിർമ്മാണങ്ങളുമടക്കമുള്ള വിവരങ്ങളാണ് ഇയാൾ പാകിസ്ഥാന് ചോർത്തി നൽകിയിരുന്നത്.
പ്രാഥമിക പരിശോധനയിൽ ഇയാളുടെ ഫോണിൽ നിന്ന് പാകിസ്ഥാനിലെ പല ഫോൺ നമ്പറുകളുമായുള്ള നിരന്തര സമ്പർക്കത്തിന്റെ വിവരങ്ങൾ ലഭിച്ചു. ഇന്ത്യാക്കാരുടെ പേരിൽ ഫോൺ നമ്പറുകൾ എടുത്ത ശേഷം ഈ നമ്പറുകളിൽ വാട്‌സ്ആപ്പ് കണക്ഷൻ എടുക്കാൻ വേണ്ട ഒ.ടി.പി. പാക് ഏജൻസികൾക്ക് കൈമാറിയെന്നും കണ്ടെത്തലുണ്ട്. ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഐ.എസ്.ഐക്ക് രഹസ്യവിവരം ചോർത്തിയ കേസിൽ പിടിയിലായ നാലാമത്തെയാളാണ് പ്രകാശ് സിങ്.