ന്യൂഡൽഹി: ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം നടന്ന കാർ ബോംബ് സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ച ഗൂഢാലോചനക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്ഫോടനത്തിൽ പരിക്കേറ്റവരെ അദ്ദേഹം എൽ.എൻ.ജെ.പി. ആശുപത്രിയിലെത്തി സന്ദർശിച്ചു.(PM visits Delhi blast victims in person, search intensifies)
സ്ഫോടനത്തിന് പിന്നാലെ ഡൽഹി നഗരത്തിൽ ഉടനീളം ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. സ്ഫോടനത്തിൽ ഉപയോഗിച്ച ഐ20 കാറിന്റെ ഉടമസ്ഥർക്ക് ചുവന്ന നിറത്തിലുള്ള ഒരു 'എക്കോ സ്പോർട്ട്' കാറുമായി ബന്ധമുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം.
സ്ഫോടനത്തിന് ഉപയോഗിച്ച ഹ്യുണ്ടായി ഐ20 കൂടാതെ, ഉമറും മുസമ്മിലും രണ്ട് കാറുകൾ കൂടി വാങ്ങിയതായി സൂചനയുണ്ട്. ഈ വാഹനങ്ങളിൽ ഒന്നാണ് എക്കോ സ്പോർട്ട്. ചുവന്ന എക്കോ സ്പോർട്ട് കാർ കണ്ടുപിടിക്കാനായി ഡൽഹിയിൽ അഞ്ച് പോലീസ് സംഘങ്ങൾ തിരച്ചിൽ ആരംഭിച്ചു. ഉത്തർപ്രദേശ്, ഹരിയാന പോലീസ് എന്നിവർക്കും അതിർത്തി ചെക്ക് പോസ്റ്റുകൾക്കും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം സ്ഫോടനം നടത്തിയ ഭീകര സംഘത്തിന് ലഭിച്ചത് 3200 കിലോ സ്ഫോടകവസ്തുക്കളാണെന്ന് അന്വേഷണ ഏജൻസികൾ കണ്ടെത്തി. ഇതിൽ 300 കിലോ സ്ഫോടകവസ്തുക്കൾ ഇനിയും കണ്ടെത്താനുണ്ടെന്നാണ് ഏറ്റവും പുതിയ വിവരം. ഇത്രയും വലിയ അളവിൽ സ്ഫോടകവസ്തുക്കൾ എത്തിച്ചത് ഡൽഹി നഗരത്തിൽ വലിയ ഭീകരാക്രമണം ലക്ഷ്യമിട്ടാണെന്നാണ് പോലീസിന്റെ നിഗമനം.
ഭീകരരുടെ ഒളിത്താവളങ്ങളിൽ നിന്നും ഇതുവരെ 2900 കിലോ സ്ഫോടകവസ്തുക്കൾ മാത്രമാണ് കണ്ടെടുത്തത്. പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നാണ് 300 കിലോ സ്ഫോടകവസ്തുക്കൾ കൂടി കണ്ടെത്താനുണ്ടെന്ന നിർണായക വിവരം പോലീസിന് ലഭിച്ചത്. ഭീകര സംഘത്തിൽ കൂടുതൽ പേരുണ്ടെന്ന നിഗമനത്തിലാണ് ഏജൻസികൾ.
ഭീകരരുമായി ബന്ധമുള്ള കൂടുതൽ സ്ഥലങ്ങളിൽ ഹരിയാന പോലീസ്, ജമ്മു കശ്മീർ പോലീസ് എന്നിവയുടെ നേതൃത്വത്തിൽ പരിശോധനകൾ തുടരുകയാണ്. സഹാറൻപൂരിൽ ജോലി ചെയ്തിരുന്ന ഡോ. ആദിലിനെ ജമ്മു കശ്മീർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ ജമ്മു കശ്മീർ സ്വദേശിയാണ്.
ഡോ. ആദിലിൽ നിന്നാണ് കൂട്ടാളികളായ ഉമർ, ഡോ. മുസമ്മിൽ എന്നിവരിലേക്ക് അന്വേഷണം എത്തിയത്. ഡൽഹി സ്ഫോടനക്കേസ് എൻ.ഐ.എക്ക് കൈമാറിയെങ്കിലും, ഭീകരരുടെ അറസ്റ്റുമായി ബന്ധപ്പെട്ടുള്ള കേസുകൾ ഇപ്പോഴും അന്വേഷിക്കുന്നത് ഹരിയാന പോലീസും ജമ്മു കശ്മീർ പോലീസുമാണ്.
ഡൽഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ അമോണിയം നൈട്രേറ്റ് മാത്രമല്ല, ഉയർന്ന സ്ഫോടനനിലവാരമുള്ള വസ്തുക്കളും ഉപയോഗിച്ചിരുന്നതായി ഫോറൻസിക് സംഘത്തിന്റെ പ്രാഥമിക കണ്ടെത്തൽ. സംഭവസ്ഥലത്ത് നിന്ന് ശേഖരിച്ച സ്ഫോടകവസ്തു സാമ്പിളുകളിലൊന്ന് അമോണിയം നൈട്രേറ്റിനേക്കാൾ ശക്തിയേറിയതാണെന്നാണ് ഫോറൻസിക് സയൻസ് ലബോറട്ടറി (എഫ്.എസ്.എൽ.) സംഘത്തിന്റെ നിഗമനം.
സ്ഫോടനം നടന്ന സ്ഥലത്തുനിന്ന് വ്യത്യസ്തതരം സ്ഫോടകവസ്തുക്കളുടെ 40-ൽ അധികം സാമ്പിളുകൾ (രണ്ട് കാട്രിഡ്ജുകൾ, ഒരു വെടിയുണ്ട, സ്ഫോടകവസ്തുക്കൾ എന്നിവയുൾപ്പെടെ) എഫ്.എസ്.എൽ. സംഘം ശേഖരിച്ചിട്ടുണ്ട്. ഇവ സമഗ്ര ഫോറൻസിക് വിശകലനത്തിനായി അയച്ചിരിക്കുകയാണ്. ലബോറട്ടറി പരിശോധനയ്ക്കുശേഷം സ്ഫോടകവസ്തുവിന്റെ സ്വഭാവം സ്ഥിരീകരിക്കും.
മൃതദേഹങ്ങളിലോ വസ്ത്രങ്ങളിലോ പരമ്പരാഗത സ്ഫോടകവസ്തുക്കളുടെ അംശങ്ങൾ കണ്ടെത്തിയില്ല. അതിനാൽ, സ്ഫോടനത്തിന് പുതിയതോ പരിഷ്കരിച്ചതോ ആയ സ്ഫോടകവസ്തു ഉപയോഗിച്ചിരിക്കാമെന്ന് പ്രാഥമിക അന്വേഷണങ്ങൾ സൂചിപ്പിക്കുന്നു. മൗലാനാ ആസാദ് മെഡിക്കൽ കോളേജിലെ ഫോറൻസിക് വിദഗ്ധർ മരിച്ചവരിൽ ചിലരുടെ ശരീരത്തിൽ 'ക്രോസ്-ഇൻജുറി പാറ്റേൺ' നിരീക്ഷിച്ചു.
സ്ഫോടനത്തിന്റെ ആഘാതത്തിൽ ആളുകൾ ഭിത്തിയിലോ നിലത്തോ ചെന്നിടിച്ചതിനെയാണ് 'ക്രോസ്-ഇൻജുറി പാറ്റേൺ' എന്ന് അർത്ഥമാക്കുന്നത്. ഇത് പലരുടെയും ശരീരത്തിൽ എല്ലുകൾ ഒടിയുന്നതിനും തലയ്ക്ക് പരിക്കേൽക്കുന്നതിനും കാരണമായി. ഇരയായ ചിലരുടെ ശ്വാസകോശം, ചെവി, വയറ് എന്നിവിടങ്ങളിൽ കേടുപാടുകൾ സംഭവിച്ചതിന്റെ ലക്ഷണങ്ങളുണ്ടായിരുന്നു. ഇത് സ്ഫോടനം വളരെ അടുത്താണ് നടന്നതെന്ന് സൂചിപ്പിക്കുന്നു.
ഭീകരാക്രമണത്തെക്കുറിച്ചുള്ള അന്വേഷണം അതിവേഗം പുരോഗമിക്കുകയാണ്. പ്രാഥമിക കണ്ടെത്തലുകൾ സൂചിപ്പിക്കുന്നത് കാർ സ്ഫോടനം സാധാരണ ചാവേർ സ്ഫോടനമായിരുന്നില്ലെന്നാണ്. പ്രതി പരിഭ്രാന്തിയിലായതിനെ തുടർന്ന് തിടുക്കത്തിൽ സ്ഫോടനം നടത്തുകയായിരുന്നു എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നത്.
പരമാവധി നാശനഷ്ടമുണ്ടാക്കാൻ ലക്ഷ്യമിടുന്ന ചാവേറുകളുടെ സാധാരണ പ്രവർത്തനരീതി ഈ സ്ഫോടനത്തിൽ ഉണ്ടായിരുന്നില്ല. ബോംബ് പൂർണ്ണമായി വികസിപ്പിച്ചിരുന്നില്ലെന്നും സമയമെത്തും മുൻപേ പൊട്ടിയതാണെന്നും പരിശോധനയിൽ കണ്ടെത്തി. സ്ഫോടനത്തിൽ ഗർത്തം രൂപപ്പെട്ടില്ല, ചീളുകളോ മറ്റ് വസ്തുക്കളോ കണ്ടെത്തിയില്ല. സ്ഫോടനം നടക്കുമ്പോൾ വാഹനം ചലിച്ചുകൊണ്ടിരിക്കുകയായിരുന്നു.
സുരക്ഷാ ഏജൻസികൾ ഭീകര ശൃംഖലകളുമായി ബന്ധമുള്ള ഒന്നിലധികം സ്ഥലങ്ങളിൽ റെയ്ഡുകൾ നടത്തി ഫരീദാബാദ്, സഹാറൻപൂർ, പുൽവാമ, മറ്റ് പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്ന് വലിയ അളവിൽ സ്ഫോടകവസ്തുക്കൾ കണ്ടെടുത്തിട്ടുണ്ട്. കേസിന്റെ അന്വേഷണം ദേശീയ അന്വേഷണ ഏജൻസിക്ക് (എൻ.ഐ.എ.) കൈമാറിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, എത്രയും പെട്ടെന്ന് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ചൊവ്വാഴ്ച നിർദ്ദേശം നൽകി. ഫോറൻസിക് സാമ്പിളുകൾ വിശകലനം ചെയ്ത് കാലതാമസമില്ലാതെ സമഗ്രമായ റിപ്പോർട്ട് നൽകാനും എഫ്.എസ്.എല്ലിന് നിർദ്ദേശം നൽകി.
സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപയും സ്ഥിരമായി അംഗവൈകല്യം സംഭവിച്ചവർക്ക് 5 ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റ ഓരോരുത്തർക്കും 5 ലക്ഷം രൂപയും നഷ്ടപരിഹാരം നൽകുമെന്ന് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത പ്രഖ്യാപിച്ചു.
ഡൽഹി ചെങ്കോട്ട സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡോക്ടർമാർ തങ്ങളുടെ ജീവനക്കാർ മാത്രമായിരുന്നുവെന്നും, സ്ഫോടനവുമായി സർവകലാശാലയ്ക്ക് യാതൊരു ബന്ധവുമില്ലെന്നും അൽഫലാ സർവകലാശാല പ്രസ്താവനയിറക്കി. സർവകലാശാല സ്ഫോടനത്തെ അപലപിച്ചു.
സ്ഫോടനത്തിൽ ഉൾപ്പെട്ട ഡോക്ടർമാർ ജോലി ചെയ്തിരുന്ന ഫരീദാബാദിലെ അൽഫലാ സർവകലാശാലയിൽ പോലീസ് പരിശോധന തുടരുകയാണ്. സ്ഫോടനത്തിൽ ഉപയോഗിച്ച തരത്തിലുള്ള രാസവസ്തുക്കളോ മറ്റു സാമഗ്രികളോ സർവകലാശാലയിൽ സൂക്ഷിച്ചിട്ടില്ലെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കി. അന്വേഷണ ഏജൻസികളുമായി പൂർണമായും സഹകരിക്കുമെന്നും സർവകലാശാല പ്രസ്താവനയിൽ അറിയിച്ചു.
സർവകലാശാലയിലെ 70 പേരെയാണ് ഇതുവരെ ചോദ്യം ചെയ്തത്. ആശുപത്രിയിലെ മറ്റാർക്കെങ്കിലും ഭീകരപ്രവർത്തനവുമായി ബന്ധമുണ്ടോ എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിക്കുന്നത്. ഇതിനിടെ സംഘവുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് സർവകലാശാലാ കാമ്പസിനുള്ളിലെ പള്ളി ഇമാമിനെ പോലീസ് അറസ്റ്റ് ചെയ്തു.
സ്ഫോടനക്കേസിലെ പ്രതികളുടെ കൂടുതൽ നീക്കങ്ങൾ അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. സ്ഫോടനത്തിന് ഉപയോഗിച്ച ഹ്യുണ്ടായി ഐ20 കാറിന് പുറമേ രണ്ട് കാറുകൾ കൂടി ഉമറും മുസമ്മിലും വാങ്ങിയതായാണ് സൂചന. ഈ കാറുകൾ കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണ്.
ഡോ. മുസമ്മിൽ ഒളിച്ചു താമസിച്ചത് ഹരിയാനയിലെ ഫരീദാബാദിലെ താഗ ഗ്രാമത്തിലെ ഒളിത്താവളത്തിലായിരുന്നു. ഇവിടെ നിന്നാണ് 2600 കിലോയോളം സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്. മുസമ്മിലിനെ പോലീസ് പിടികൂടിയതും ഇവിടെ നിന്നാണ്. ഐ20 കാർ വാങ്ങിയ ശേഷം ഉമർ അത് പാർക്ക് ചെയ്തിരുന്നത് സർവകലാശാലാ കാമ്പസിനുള്ളിലായിരുന്നു. ഒക്ടോബർ 29 മുതൽ നവംബർ 10 വരെ ഉമർ കാർ ഇവിടെ ഒളിപ്പിച്ചു. കൂട്ടാളികൾ പിടിയിലായ വിവരമറിഞ്ഞതോടെ കാമ്പസിലെത്തിയ ഉമർ കാർ എടുത്ത് പുറപ്പെട്ടതിന്റെ സിസിടിവി ദൃശ്യങ്ങൾ ഹരിയാന പോലീസ് ശേഖരിച്ചിട്ടുണ്ട്. സ്ഫോടനം നടന്ന സമയത്തെ ട്രാഫിക് സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. റെഡ് ഫോർട്ട് ചൗക്ക് ട്രാഫിക് സിഗ്നലിലെ ദൃശ്യങ്ങളാണ് ഇപ്പോൾ ലഭിച്ചത്.