ലോകകപ്പ് ഫൈനല്‍ കാണാന്‍ പ്രധാനമന്ത്രിയെത്തും; ഒപ്പം ഓസ്‌ട്രേലിയന്‍ ഉപപ്രധാനമന്ത്രിയും

അഹമ്മദാബാദ്: ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടക്കുന്ന ലോകകപ്പ് ക്രിക്കറ്റ് ഫൈനലിന് സാക്ഷിയാകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തും. ഗുജറാത്ത് മുഖ്യമന്ത്രി ഭുപേന്ദ്ര പട്ടേല്‍ ആണ് ഈ വിവരം സ്ഥിരീകരിച്ചത്. മോദിക്കൊപ്പം ഓസ്‌ട്രേലിയന്‍ ഉപപ്രധാനമന്ത്രി റിചാര്‍ഡ് മാര്‍ലെസും കേന്ദ്രമന്ത്രിസഭാംഗങ്ങളും പല സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും മത്സരം കാണാനെത്തുമെന്നാണ് പ്രതീക്ഷയെന്നും ഗുജറാത്ത് മുഖ്യമന്ത്രി X പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചു.

ഫൈനലില്‍ എത്താന്‍ ഇന്ത്യന്‍ ടീം കഠിനാദ്ധ്വാനം നടത്തിയതായും അതിനാല്‍ മത്സരം കാണാനെത്തേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്ന് മോദി കരുതുന്നുവെന്നുമാണ് സര്‍ക്കാര്‍ വൃത്തങ്ങളുടെ അഭിപ്രായം. മത്സരത്തിന് മുന്നോടിയായി ഇന്ത്യന്‍ വ്യോമസേനയിലെ എയ്‌റോബറ്റിക് ടീം സൂര്യ കിരണിന്റെ ഗ്രാന്റ് എയര്‍ ഷോയും സ്‌റ്റേഡിയത്തിനു മുകളില്‍ നടക്കും. കഴിഞ്ഞ രണ്ട് ദിവസമായി ഇതിനുള്ള പരിശീലനം പുരോഗമിക്കുകയാണ്. മത്സരത്തിനു മുന്‍പ് വിവിധ കലാകാരന്മാരുടെ പ്രകടനങ്ങളുമുണ്ടാകും.