ന്യൂഡൽഹി: പാർലമെന്റിന്റെ ശീതകാല സമ്മേളനം ഇന്ന് ആരംഭിക്കും. ഡൽഹി സ്ഫോടനം, വിവാദമായ വോട്ടർ പട്ടിക പരിഷ്കരണം, രാജ്യതലസ്ഥാനത്തെ വായു മലിനീകരണം, പുതിയ ലേബർ കോഡുകൾ തുടങ്ങിയ സുപ്രധാന വിഷയങ്ങളിൽ ചർച്ചകൾ വേണമെന്ന് പ്രതിപക്ഷം സർക്കാരിനോട് ആവശ്യപ്പെടും.(Parliament's winter session begins today, Delhi blast to be discussed)
സമ്മേളനത്തിനു മുന്നോടിയായി കഴിഞ്ഞ ദിവസം ചേർന്ന സർവകക്ഷി യോഗത്തിൽ പ്രതിപക്ഷ കക്ഷികൾ ഈ വിഷയങ്ങൾ ശക്തമായി ഉന്നയിക്കുകയും ചർച്ച ചെയ്യണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഈ സമ്മേളന കാലയളവിൽ 13 ബില്ലുകളാണ് സർക്കാർ പാർലമെന്റിൽ അവതരിപ്പിക്കുക. വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തോട് അനുബന്ധിച്ച് പ്രത്യേക ചർച്ച നടത്തുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്.
ഡിസംബർ 19 വരെയാണ് ശീതകാല സമ്മേളനം നീണ്ടുനിൽക്കുക. സമീപകാലത്തെ ഏറ്റവും കുറഞ്ഞ ദിവസങ്ങളുള്ള സമ്മേളനമാണിത് എന്ന പ്രത്യേകതയുമുണ്ട്. പ്രതിപക്ഷം ഉന്നയിക്കുന്ന വിഷയങ്ങളും സർക്കാർ കൊണ്ടുവരുന്ന ബില്ലുകളും കാരണം സഭ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ട്.