റെയ്ഡിൽ സ്ഫോടക വസ്തുക്കൾ കണ്ടെടുത്തത് ഉമറിനെ പരിഭ്രാന്തനാക്കി: ഡൽഹി സ്‌ഫോടനത്തിൽ NIA അന്വേഷണം ഊർജിതം | Delhi blast

ഉമർ മുൻപ് ജോലി ചെയ്തിരുന്ന അൽ ഫലാഹ് സർവ്വകലാശാലയിൽ ഇതുവരെ 52 പേരെ ചോദ്യം ചെയ്തു
NIA investigation into Delhi blast intensified
Published on

ന്യൂഡൽഹി: ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്ഫോടനത്തിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷണം ഊർജിതമാക്കി. കേസുമായി ബന്ധപ്പെട്ട് ഫരീദാബാദ്, സഹറൻപുർ എന്നിവിടങ്ങളിൽ നിന്ന് അറസ്റ്റിലായ ഡോക്ടർമാരായ ആദിൽ, മുസ്മീൽ, ഷഹീനാ എന്നിവരെ എൻഐഎ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യും.(NIA investigation into Delhi blast intensified)

ആക്രമണത്തിൽ പാക് ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദിന്റെ (ജെ.ഇ.എം) പങ്ക് അന്വേഷണ ഏജൻസി സംശയിക്കുന്നുണ്ടെങ്കിലും ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. സ്ഫോടനത്തിൽ കൊല്ലപ്പെട്ട കശ്മീരിലെ പുൽവാമ സ്വദേശി ഡോ. ഉമർ മുഹമ്മദ് നടത്തിയത് ചാവേർ ആക്രമണം ആയിരുന്നില്ലെന്നാണ് അന്വേഷണ ഏജൻസിയുടെ പ്രാഥമിക നിഗമനം.

റെയ്ഡിൽ സ്ഫോടക വസ്തുക്കൾ കണ്ടെടുത്തത് പ്രതിയെ പരിഭ്രാന്തനാക്കിയിരുന്നു. നിർമ്മാണം പൂർത്തിയാക്കാത്ത ബോംബ് അസമയത്ത് പൊട്ടിത്തെറിക്കുകയായിരുന്നുവെന്നും ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. വാഹനം ഒരു ലക്ഷ്യത്തിലേക്ക് അതിവേഗം കുതിക്കുകയോ മനഃപൂർവ്വം ഇടിക്കുകയോ ചെയ്തിരുന്നില്ല. ഇത് ഒരു സാധാരണ ചാവേർ ആക്രമണത്തിന്റെ രീതിക്ക് വിരുദ്ധമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

അറസ്റ്റിലായ ആദിൽ, മുസ്മീൽ, ഷഹീനാ എന്നിവരടങ്ങുന്ന ഭീകരസംഘത്തിലെ പ്രധാന കണ്ണിയാണ് ഡോ. ഉമർ മുഹമ്മദെന്നാണ് അന്വേഷണ ഏജൻസിക്ക് ലഭിച്ച സുപ്രധാന വിവരം. ഇവരുടെ അറസ്റ്റിന് പിന്നാലെ, ഐ20 കാറുമായി ഡൽഹിയിലേക്ക് കടന്ന ഉമർ, നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കറങ്ങി. ഉച്ചതിരിഞ്ഞ് 3:30-ഓടെ ചെങ്കോട്ടയ്ക്ക് സമീപമുള്ള പള്ളിയിലെ പാർക്കിംഗ് സ്ഥലത്ത് ഇയാൾ എത്തി. വൈകുന്നേരം 6:30 വരെ ഇവിടെ വാഹനം പാർക്ക് ചെയ്തു.

ഉമർ വാഹനത്തിൽ നിന്ന് ഇറങ്ങിയതിന് തൊട്ടുപിന്നാലെയായിരുന്നു സ്ഫോടനം ഉണ്ടായത്. മരിച്ചത് ഉമർ തന്നെയാണെന്ന് ഉറപ്പിക്കാനുള്ള നടപടികൾ എൻഐഎ ആരംഭിച്ചു. ഉമറിന്റെ അമ്മയെയും സഹോദരനെയും വിവര ശേഖരണത്തിനായി പോലീസ് കസ്റ്റഡിയിലെടുത്തു. മരിച്ചത് ഉമറാണെന്ന് സ്ഥിരീകരിക്കുന്നതിനായി അമ്മയുടെ ഡി.എൻ.എ. സാമ്പിൾ ശേഖരിച്ച് ഡൽഹിയിലേക്ക് അയച്ചിട്ടുണ്ട്.

ഉമർ മുൻപ് ജോലി ചെയ്തിരുന്ന അൽ ഫലാഹ് സർവ്വകലാശാലയിൽ ഇതുവരെ 52 പേരെ ചോദ്യം ചെയ്തു. ആറ് പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പുൽവാമയിലുള്ള ഉമറിന്റെ സുഹൃത്തും ഡോക്ടറുമായ സജാദും നിലവിൽ കസ്റ്റഡിയിലാണ്. കേസ് എൻഐഎ ഏറ്റെടുത്തതോടെ, അറസ്റ്റിലായ പ്രതികൾക്കും കൊല്ലപ്പെട്ട ഉമറിനുമുള്ള പാക് ഭീകര സംഘടനകളുമായുള്ള ബന്ധം കേന്ദ്രീകരിച്ചാണ് ഏജൻസിയുടെ വിശദമായ അന്വേഷണം.

Related Stories

No stories found.
Times Kerala
timeskerala.com