തിരുവനന്തപുരം: നെട്ടുകാൽത്തേരി തുറന്ന ജയിലിന്റെ ഭൂമി കേന്ദ്ര സ്ഥാപനങ്ങൾക്ക് കൈമാറാൻ അനുവദിക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചു. ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിർണ്ണായകമായ ഈ തീരുമാനം. ദേശീയ പ്രാധാന്യമുള്ള മൂന്ന് സ്ഥാപനങ്ങൾക്കാണ് 257 ഏക്കർ ഭൂമി അനുവദിക്കുക.(Nettukaltheri Open Prison land can be given to central institutions, Supreme Court accepts request)
ഇത് ബ്രഹ്മോസ്, എസ്.ബി.ബി, ദേശീയ ഫോറൻസിക് സർവകലാശാല എന്നിവയാണ്.ആകെയുള്ള 457 ഏക്കർ ഭൂമിയിൽ 200 ഏക്കർ ജയിലിന്റെ ആവശ്യങ്ങൾക്കായി നിലനിർത്തും. തുറന്ന ജയിലുകളുടെ ഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിൽ കോടതി നേരത്തെ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ ഹർജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്.
അത്യാധുനികമായ ബ്രഹ്‌മോസ് മിസൈൽ നിർമ്മാണത്തിനും തന്ത്രപ്രധാന ഹാർഡ്‌വെയർ നിർമ്മാണത്തിനുമായി ഭൂമി അനുവദിക്കണമെന്ന് ഡി.ആർ.ഡി.ഒ. (DRDO) കേരളത്തോട് ആവശ്യപ്പെട്ടിരുന്നു. ദേശീയ പ്രാധാന്യമുള്ള ഈ സ്ഥാപനങ്ങൾക്ക് ഭൂമി ലഭിക്കുന്നതോടെ കേരളത്തിന് ഇത് വലിയ ഗുണകരമാകും. സംസ്ഥാന സർക്കാരിനായി കേസിൽ സ്റ്റാൻഡിങ് കൗൺസൽ നിഷെ രാജൻ ഷൊങ്കർ ഹാജരായി.