ന്യൂഡൽഹി: ത്രിഭാഷാ വിഷയത്തിൽ തമിഴ്‍നാടിനെതിരെ കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ നടത്തിയ പരാമർശത്തിൽ പാർലമെന്റിൽ പ്രതിഷേധം പ്രകടനം. ദ്രാവിഡ മുന്നേറ്റ കഴകം എംപി കനിമൊഴിയും മറ്റ് ഡിഎംകെ എംപിമാരുമാണ് ചൊവ്വാഴ്ച പാർലമെന്റിൽ പ്രതിഷേധ പ്രകടനം നടത്തിയത്. ദേശീയ വിദ്യാഭ്യാസ നയത്തെ പ്രത്യേകിച്ച് ത്രിഭാഷാ ഫോർമുലയെ ഡിഎംകെ എതിർക്കുന്നു. തമിഴ്‌നാട്ടിൽ ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ബിജെപിയുടെ ശ്രമമാണിതെന്നും അവർ ആരോപിച്ചു.
കേന്ദ്രം തമിഴ്‌നാട്ടിലെ കുട്ടികളുടെ ഭാവി നശിപ്പിക്കുകയാണെന്ന് കനിമൊഴി ആരോപിച്ചു.
"ത്രിഭാഷാ നയത്തിലും എൻഇപിയിലും ഒപ്പിടണമെന്ന് പറഞ്ഞുകൊണ്ട് കേന്ദ്ര സർക്കാർ തമിഴ്‌നാടിന് നൽകേണ്ട പണം തടഞ്ഞുവയ്ക്കുകയാണ്. അവർ തമിഴ്‌നാട്ടിലെ കുട്ടികളുടെ ഭാവി നശിപ്പിക്കുകയാണ്. തമിഴ്‌നാട്ടിലെ കുട്ടികൾക്ക് ലഭിക്കേണ്ട ഫണ്ട് തടയാൻ അവർക്ക് അവകാശമില്ല. ഇന്നലെ അദ്ദേഹം വളരെ അധിക്ഷേപകരമായ രീതിയിൽ പ്രതികരിച്ചു, ഞങ്ങൾ സത്യസന്ധരല്ലെന്നും തമിഴ്‌നാട്ടിലെ ജനങ്ങൾ അപരിഷ്‌കൃതരാണെന്നും പറഞ്ഞു. അദ്ദേഹം സംസാരിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്ന ഭാഷയല്ല ഇത്. ഇത് തികച്ചും ജനാധിപത്യവിരുദ്ധമാണ്. ഞങ്ങൾ ആഡ് അദ്ദേഹത്തിൽ ക്ഷമാപണം പ്രതീക്ഷിക്കുന്നു." - കനിമൊഴി പറഞ്ഞു.
ദേശീയ വിദ്യാഭ്യാസ നയം (എൻഇപി) സംബന്ധിച്ച് കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസ് എംപി കെ സുരേഷും രംഗത്തെത്തി. സംസ്ഥാന സർക്കാരുകളോടും അക്കാദമിക് വിദഗ്ധരോടും ആലോചിക്കാതെ നയം നടപ്പിലാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. "മുഴുവൻ വിദ്യാഭ്യാസ സമ്പ്രദായത്തെയും കാവിവൽക്കരിക്കുക" എന്നതാണ് സർക്കാരിന്റെ യഥാർത്ഥ ഉദ്ദേശ്യമെന്ന് അദ്ദേഹം ആരോപിച്ചു.
"വിദ്യാഭ്യാസ നയ മാറ്റം വളരെ ഗുരുതരമായ ഒരു വിഷയമാണ്. സംസ്ഥാന സർക്കാരുകളെയും അക്കാദമിക് വിദഗ്ധരെയും സമീപിക്കാതെ കേന്ദ്ര സർക്കാർ ഒരു പുതിയ വിദ്യാഭ്യാസ നയം കൊണ്ടുവന്നു. മുഴുവൻ വിദ്യാഭ്യാസ സമ്പ്രദായത്തെയും കാവിവൽക്കരിക്കാൻ അവർ ആഗ്രഹിക്കുന്നു. തമിഴ്‌നാട് എപ്പോഴും ത്രിഭാഷാ നയത്തിന് എതിരാണ്, പക്ഷേ അവരുടെ സമ്മതമില്ലാതെ കേന്ദ്ര സർക്കാർ തീരുമാനമെടുത്തു. തമിഴ്‌നാട്ടിൽ നിന്നുള്ള ഞങ്ങളുടെ പാർട്ടി അംഗങ്ങളും ഡിഎംകെയെ പിന്തുണയ്ക്കുന്നു." - സുരേഷ് വ്യക്തമാക്കി.
തിങ്കളാഴ്ച, കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ, തമിഴ്‌നാട് സർക്കാരിനെ "സത്യസന്ധതയില്ലാത്തത്" എന്നും സംസ്ഥാനത്തെ ജനങ്ങളെ "സംസ്‌കാരമില്ലാത്തവർ" എന്നും വിശേഷിപ്പിച്ചു. ഇതിനെ തുടർന്നാണ് കേന്ദ്രമന്ത്രിയും ഡിഎംകെ പാർട്ടിയും തമ്മിൽ വാക്പോര് തുടങ്ങിയത്.
"ഡിഎംകെ സത്യസന്ധരല്ല. അവർ തമിഴ്‌നാട്ടിലെ വിദ്യാർത്ഥികളോട് പ്രതിബദ്ധതയുള്ളവരല്ല. അവർ തമിഴ്‌നാട് വിദ്യാർത്ഥികളുടെ ഭാവി നശിപ്പിക്കുകയാണ്. ഭാഷാ തടസ്സങ്ങൾ ഉയർത്തുക എന്നതാണ് അവരുടെ ഒരേയൊരു ജോലി. അവർ രാഷ്ട്രീയം കളിക്കുന്നു. അവർ ജനാധിപത്യവിരുദ്ധരും അപരിഷ്‌കൃതരുമാണ്," എന്നായിരുന്നു പ്രധാന്റെ വാക്കുകൾ.