നീറ്റ്: കോട്ടയില്‍ ഒരു വിദ്യാര്‍ത്ഥിനി കൂടി ജീവനൊടുക്കി; ഈ വര്‍ഷം ആത്മഹത്യ ചെയ്യുന്ന 24ാമത്തെ നീറ്റ് കോച്ചിങ് വിദ്യാര്‍ത്ഥിനി
Sep 19, 2023, 11:43 IST

കോട്ട: നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. രാജസ്ഥാനിലെ കോട്ടയില്‍ നീറ്റ് പരിശീലന സ്ഥാപനത്തില്‍ പഠിക്കുകയായിരുന്ന പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ജീവനൊടുക്കിയത്. ഉത്തര്‍പ്രദേശ് സ്വദേശിയായ പ്രിയ സിങ് (16) തിങ്കളാഴ്ച മുറിയില്‍ വെച്ച് കീടനാശിനി കുടിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കോട്ടയിലെ വിഗ്യാന്‍ നഗറില്‍ പേയിങ് ഗസ്റ്റായി താമസിക്കുകയായിരുന്നു പ്രിയ സിങ്. തിങ്കളാഴ്ച ഉച്ചയോടെ മുറിയില്‍ വെച്ച് കീടനാശിനി കുടിച്ച് അവശയായ വിദ്യാര്‍ത്ഥിനി ഛര്‍ദിക്കാന്‍ തുടങ്ങി. മറ്റ് വിദ്യാര്‍ത്ഥികളാണ് വിവരമറിഞ്ഞ് പ്രിയയെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ വൈകുന്നേരത്തോടെ മരണം സംഭവിക്കുകയായിരുന്നു.അതേസമയം, രാജസ്ഥാനിലെ കോട്ട നഗരത്തില്‍ ഈ വര്‍ഷം ആത്മഹത്യ ചെയ്യുന്ന 24ാമത്തെ നീറ്റ് കോച്ചിങ് വിദ്യാര്‍ത്ഥിനിയാണ് പ്രിയ സിങ്. ഈ മാസം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ നീറ്റ് ആത്മഹത്യയാണിത്.