Times Kerala

 നീറ്റ് കേസ്: നിലപാട് അറിയിക്കാൻ കേന്ദ്ര സർക്കാറിന് ഒരു ദിവസത്തെ സമയം നൽകി സുപ്രീംകോടതി

 
നീറ്റ് കേസ്: നിലപാട് അറിയിക്കാൻ കേന്ദ്ര സർക്കാറിന് ഒരു ദിവസത്തെ സമയം നൽകി സുപ്രീംകോടതി
 

 ന്യൂഡൽഹി: നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിലും പുനഃപരീക്ഷ സംബന്ധിച്ചും നിലപാടറിയിക്കാൻ കേന്ദ്ര സർക്കാറിന് ഒരു ദിവസത്തെ സമയം അനുവദിച്ചു നൽകി സുപ്രീംകോടതി. പേപ്പർ ചോർന്നെന്ന് വ്യക്തമായിട്ടും അതിന്‍റെ വ്യാപ്തി കണ്ടെത്താനായോ എന്ന് കോടതി സർക്കാറിനോട് ചോദിച്ചു. ചോർച്ചയുടെ വ്യാപ്തി മനസ്സിലാക്കിയ ശേഷം മാത്രമേ പുനഃപരീക്ഷാ വേണോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാനാവൂ. എങ്ങനെയാണ് ചോദ്യപ്പേപ്പർ വിവിധ നഗരങ്ങളിലേക്ക് അയച്ചതെന്നും രണ്ട് സെറ്റ് ചോദ്യപ്പേപ്പറും ഒരാൾ തന്നെയാണോ തയാറാക്കിയതെന്നും കോടതി ചോദിച്ചു. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്‍റെ അധ്യക്ഷതയിലുള്ള ബഞ്ചാണ് കേസ് പരിഗണിച്ചത്.

ചോദ്യപ്പേപ്പർ പുറത്തുപോയെന്ന് വ്യക്തമായ സ്ഥിതിക്ക് ചോർച്ചയുടെ വ്യാപ്തി കേന്ദ്രം കണ്ടെത്തണം. അഭിഭാഷകർ ഒരുമിച്ചിരുന്ന് വാദങ്ങൾ തയാറാക്കി കോടതിയിൽ സമർപ്പിക്കണമെന്നും കുറച്ചുപേർക്ക് മാത്രമെങ്കിൽ പരിമിത രീതിയിൽ പുനഃപരീക്ഷ നടത്താമെന്നും സുപ്രീം കോടതി പറഞ്ഞു. പുനഃപരീക്ഷ ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജികളിൽ വാദം കേൾക്കവെയാണ് കോടതി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. കോടതി നിർദേശപ്രകാരം ബുധനാഴ്ച മറുപടി നൽകാമെന്ന് കേന്ദ്രം അറിയിച്ചു.
 

Related Topics

Share this story