നാന്ദേഡ് ദുരഭിമാന കൊല: മകളുടെ കാമുകനെ അംഗീകരിച്ച് ഒപ്പം നൃത്തം ചെയ്ത പിതാവ് ഇന്ന് കൊലപാതകി ! | Honour killing

പോലീസുകാർക്കെതിരെയും ഗുരുതര ആരോപണം ഉയർന്നിട്ടുണ്ട്
നാന്ദേഡ് ദുരഭിമാന കൊല: മകളുടെ കാമുകനെ അംഗീകരിച്ച് ഒപ്പം നൃത്തം ചെയ്ത പിതാവ് ഇന്ന് കൊലപാതകി ! | Honour killing
Updated on

മുംബൈ : മഹാരാഷ്ട്രയിലെ നാന്ദേഡിൽ നടന്ന ദുരഭിമാനക്കൊലയിൽ ഓരോ ദിവസവും പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. മകളുടെ കാമുകനെ അംഗീകരിക്കുന്നതായി നടിച്ച്, മാസങ്ങൾ നീണ്ട വിശ്വാസം നേടിയ ശേഷമാണ് യുവതിയുടെ പിതാവ് ക്രൂരമായ കൊലപാതകം നടത്തിയത്. ജാതി വ്യത്യാസമാണ് ഈ കൊലപാതകത്തിന് പിന്നിലെ പ്രധാന കാരണം.(Nanded honour killing, Father who accepted daughter's boyfriend and danced with him turned out to be his murderer)

കൊലപാതകത്തിന് തൊട്ടുമുമ്പ് മകൾക്കും കാമുകനുമൊപ്പം സന്തോഷത്തോടെ നൃത്തം ചെയ്യുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് യുവതിയുടെ പിതാവ് ഗജാനൻ ബാലാജി മാമിദ്വാർ പോലീസ് കസ്റ്റഡിയിലായത്.

ഏപ്രിൽ 14-ന് അംബേദ്കർ ജയന്തി ആഘോഷവേളയിൽ ഗജാനൻ ബാലാജി മാമിദ്വാർ, മകൾ ആഞ്ചൽ മാമിദ്വാർ, 20 വയസ്സുകാരനായ കാമുകൻ സക്ഷം ടേറ്റ് എന്നിവർ സുഹൃത്തുക്കളോടൊപ്പം നൃത്തം ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

ഈ വീഡിയോയിൽ ഗജാനൻ മകളെ സ്നേഹത്തോടെ ആലിംഗനം ചെയ്യുന്നതും, സക്ഷം ടേറ്റിന്റെ സുഹൃത്തുക്കൾ ഗജാനനെ തോളിലേറ്റി ആഘോഷിക്കുന്നതും കാണാം. എന്നാൽ, ഈ "സന്തോഷ നാടകത്തിന്" പിന്നിൽ കാമുകനെ ഇല്ലാതാക്കാനുള്ള കൊടുംചതി ഒളിഞ്ഞിരിപ്പുണ്ടായിരുന്നു എന്ന് ആഞ്ചൽ ആരോപിക്കുന്നു. താൻ പ്രണയിച്ച യുവാവ് കൊല്ലപ്പെട്ട ശേഷം മൃതദേഹത്തെ വിവാഹം ചെയ്ത വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. കൊല്ലപ്പെട്ട സക്ഷം ടേറ്റിന്റെ പ്രണയിനിയായ ആഞ്ചൽ മാമിദ്വാർ ആയിരുന്നു മൃതദേഹത്തെ വിവാഹം ചെയ്തത്.

സക്ഷം ടേറ്റ് ദളിത് സമുദായക്കാരനും ആഞ്ചൽ സ്പെഷ്യൽ ബാക്ക്വേർഡ് ക്ലാസിലുമായിരുന്നു. ജാതി വ്യത്യാസത്തെ തുടർന്നാണ് ഈ ബന്ധത്തോട് വീട്ടുകാർക്ക് എതിർപ്പുണ്ടായിരുന്നത്. ടേറ്റിനെ കൊല്ലുന്നതിന് മുൻപ് വിശ്വാസം നേടിയെടുക്കാൻ ആഞ്ചലിന്റെ പിതാവും സഹോദരനും ചേർന്ന് ഗൂഢാലോചന നടത്തിയതായാണ് സൂചന. വ്യാഴാഴ്ച വൈകുന്നേരം സക്ഷം ടേറ്റിന് വെടിയേൽക്കുകയായിരുന്നു. വാരിയെല്ലുകൾ തുളച്ചാണ് വെടിയുണ്ട കടന്നുപോയത്. "തന്നെ വിവാഹം ചെയ്യണമെങ്കിൽ സക്ഷം 'ഹിന്ദു ധർമ്മത്തിലേക്ക്' മാറണമെന്ന് ഒരിക്കൽ പിതാവ് ആവശ്യപ്പെട്ടിരുന്നുവെന്നും, തനിക്കുവേണ്ടി എന്തിനും സക്ഷം തയ്യാറായിരുന്നുവെന്നും" ആഞ്ചൽ വെളിപ്പെടുത്തി.

കൊലപാതകത്തിന് പിന്നാലെ, പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണവുമായി ആഞ്ചൽ രംഗത്തെത്തി. കൊലപാതകത്തിന് മണിക്കൂറുകൾക്ക് മുൻപ് ആഞ്ചലിന്റെ ഇളയ സഹോദരൻ തന്നെ പോലീസ് സ്റ്റേഷനിൽ കൊണ്ടുപോയി ടേറ്റിനെതിരെ പരാതി നൽകാൻ ആവശ്യപ്പെട്ടെന്ന് ആഞ്ചൽ പറയുന്നു. ആഞ്ചൽ ഇതിന് വിസമ്മതിച്ചപ്പോൾ, സ്റ്റേഷനിലുണ്ടായിരുന്ന രണ്ട് പോലീസുകാർ സഹോദരനോട് കൊല ചെയ്യാൻ ആവശ്യപ്പെട്ടു എന്നാണ് ആരോപണം.

"ആളെ ചുമ്മാ തല്ലാനോ വഴക്കുണ്ടാക്കാനോ പോകാതെ, അവനെ കൊണ്ടുപോയി കൊന്നുകളയ്" എന്ന് പോലീസുകാർ തൻ്റെ സഹോദരനോട് പറഞ്ഞെന്നും, ഈ വാക്കുകൾ കേട്ട് പ്രകോപിതനായ സഹോദരൻ സക്ഷമിനെ കൊലപ്പെടുത്തിയ ശേഷം പോലീസ് സ്റ്റേഷനിൽ വരാമെന്ന് പറഞ്ഞ് പോയെന്നുമാണ് ആഞ്ചലിന്റെ മൊഴി. ആഞ്ചലിന്റെ മാതാപിതാക്കൾ, രണ്ട് സഹോദരങ്ങൾ എന്നിവരുൾപ്പെടെ എല്ലാവരെയും പ്രതികളാക്കിയാണ് കേസെടുത്തിരിക്കുന്നത്. ടേറ്റിന് നേരെ വെടിവയ്ക്കുകയും തല കല്ലുകൊണ്ട് ചതക്കുകയും ചെയ്ത ഒരു സഹോദരൻ പ്രായപൂർത്തിയാകാത്തയാളാണ്. കാമുകനെ കൊലപ്പെടുത്തിയതിന് പിതാവിനും സഹോദരങ്ങൾക്കും വധശിക്ഷ നൽകണമെന്നും കുടുംബത്തെ ഉപേക്ഷിച്ച് ടേറ്റിന്റെ കുടുംബത്തോടൊപ്പം താമസിക്കാനുമാണ് ആഞ്ചലിന്റെ തീരുമാനം.

Related Stories

No stories found.
Times Kerala
timeskerala.com