ന്യൂഡൽഹി: കിഴക്കൻ ആഫ്രിക്കൻ രാജ്യമായ ടാൻസാനിയയിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് പിന്നാലെ പൊട്ടിപ്പുറപ്പെട്ട കലാപത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 800 കടന്നതായി റിപ്പോർട്ട്. സ്ഥിതിഗതികൾ രൂക്ഷമായതോടെ ഇരുപതിനായിരത്തോളം മലയാളികൾ അടക്കം ഇന്ത്യക്കാരുള്ള ടാൻസാനിയയിൽ ഇന്ത്യൻ സമൂഹം കടുത്ത ആശങ്കയിലാണ്.(More than 800 people killed in Riots in Tanzania)
ഒക്ടോബർ 29-നാണ് ടാൻസാനിയയിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നത്. 97 ശതമാനത്തിലധികം വോട്ട് നേടി പ്രസിഡന്റ് സ്ഥാനത്തേക്ക് സാംബിയ സുലുഹു ഹസ്സൻ വിജയിച്ചുവെന്ന ഔദ്യോഗിക അവകാശവാദമാണ് കലാപത്തിന് തിരികൊളുത്തിയത്.
തിരഞ്ഞെടുപ്പിൽ അട്ടിമറി നടന്നുവെന്ന് ആരോപിച്ച് ഒരു വിഭാഗം തെരുവിലിറങ്ങി പ്രതിഷേധിക്കുകയും വോട്ടെണ്ണൽ തടസ്സപ്പെടുത്തുകയും ചെയ്തു. സുരക്ഷാ സേനയുടെ വെടിയേറ്റാണ് നൂറുകണക്കിന് ആളുകൾ മരിച്ചതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
കലാപം അടിച്ചമർത്താൻ പോലീസിനെ സഹായിക്കുന്നതിനായി സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. പലയിടങ്ങളിലും ഇന്റർനെറ്റ് കണക്റ്റിവിറ്റി റദ്ദാക്കിയത് യാത്രകളെയും ജനജീവിതത്തെയും സാരമായി ബാധിച്ചിട്ടുണ്ട്. നവംബർ 3-ന് തുറക്കാനിരുന്ന യൂണിവേഴ്സിറ്റികൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനം സർക്കാർ മാറ്റിവെച്ചു.
സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ആവശ്യപ്പെട്ട പ്രതിപക്ഷ നേതാക്കളിൽ പലരും രാജ്യദ്രോഹക്കുറ്റം ചുമത്തി മാസങ്ങളായി ജയിലിലാണ്. പ്രസിഡന്റ് സാമിയ സുലുഹു ഹസ്സന്റെ പ്രധാന എതിരാളികളായ രണ്ട് പ്രതിപക്ഷ നേതാക്കളെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് തടയുകയോ വിലക്കുകയോ ചെയ്തിരുന്നു. ഇതോടെ, ഈ തിരഞ്ഞെടുപ്പ് ഒരു മത്സരമായിരുന്നില്ല, മറിച്ച് 'കിരീടധാരണമായിരുന്നു' എന്നാണ് വിമർശകരും പ്രതിപക്ഷ ഗ്രൂപ്പുകളും ആരോപിക്കുന്നത്.
അക്രമങ്ങളിൽ എത്രപേർ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തുവെന്ന് അധികൃതർ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ലെങ്കിലും, 800-ൽ അധികം ആളുകൾ കൊല്ലപ്പെട്ടതായാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ.