മോദിക്ക് എത്ര വേണമെങ്കിലും ശ്രമിക്കാം, എന്നാൽ കോൺഗ്രസ് രാജസ്ഥാനിൽ അധികാരം നിലനിർത്തും; മല്ലികാർജുൻ ഖാർഗെ
Nov 18, 2023, 22:29 IST

ജയ്പൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എത്രവേണമെങ്കിലും ശ്രമിക്കാമെന്നും എന്നാൽ കോൺഗ്രസ് രാജസ്ഥാനിൽ അധികാരം നിലനിർത്തുമെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. കോൺഗ്രസ് ദരിദ്രർക്കും കർഷകർക്കും യുവാക്കൾക്കും വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും എന്നാൽ ‘സുഹൃത്തുക്കൾക്ക്’ വേണ്ടി മാത്രമാണ് ബി.ജെ.പി പ്രവർത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ബി.ജെ.പി സമ്പന്നരെ അതിസമ്പന്നരും ദരിദ്രരെ അതിദരിദ്രരും ആക്കാനാണ് പ്രവർത്തിക്കുന്നതെന്നും ഖാർഗെ കുറ്റപ്പെടുത്തി. ഭരത്പൂർ ജില്ലയിലെ പൊതുയോഗത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സായുധസേനയിൽ ഹ്രസ്വകാല റിക്രൂട്ട്‌മെന്റിനുള്ള അഗ്നിവീർ പദ്ധതി യുവാക്കളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ്. കേന്ദ്രത്തിൽ കോൺഗ്രസ് സർക്കാർ രൂപീകരിച്ചാൽ അതിന് പരിഹാരം കണ്ടെത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.