ഹരിദ്വാർ: ഉത്തരാഖണ്ഡിലെ ഋഷികേശിൽ സാഹസിക വിനോദമായ ബഞ്ചി ജമ്പിംഗിനിടെയുണ്ടായ അപകടത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റു. 180 അടി ഉയരത്തിൽ നിന്ന് താഴേക്ക് വീണാണ് അപകടം സംഭവിച്ചത്. സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നു.(Man was seriously injured when the rope broke while bungee jumping in Rishikesh)
തപോവൻ–ശിവപുരി റോഡിലെ ത്രില്ല് ഫാക്ടറി അഡ്വഞ്ചർ പാർക്കിൽ ബുധനാഴ്ചയാൻ സംഭവം. ഹരിയാനയിലെ ഗുരുഗ്രാം സ്വദേശിയായ 24-കാരനായ സോനു കുമാറിനാണ് പരിക്കേറ്റത്. ബംഗി ജമ്പിംഗിനിടെ കയർ പൊട്ടിപ്പോയതാണ് അപകടത്തിലേക്ക് നയിച്ചതെന്ന് പോലീസ് അറിയിച്ചു. യുവാവ് താഴെയുണ്ടായിരുന്ന ഒരു തകര ഷെഡ്ഡിലേക്കാണ് വീണത്.
നെഞ്ചിലും ഇടത് കൈയിലുമാണ് സോനു കുമാറിന് സാരമായി പരിക്കേറ്റത്. ഉടൻ തന്നെ ഋഷികേശിലെ എയിംസിൽ പ്രവേശിപ്പിച്ചു. നില അതീവ ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോർട്ട്. അപകടത്തിന്റെ ദൃശ്യങ്ങൾ സോനു കുമാറിന്റെ സുഹൃത്താണ് പുറത്തുവിട്ടത്.
ഈ സംഭവം സാഹസിക വിനോദങ്ങളിലെ സുരക്ഷാ പ്രോട്ടോക്കോളുകളെക്കുറിച്ച് ആശങ്ക ഉയർത്തിയിരിക്കുകയാണ്. സംഭവത്തിൽ ജില്ലാ കളക്ടർ അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണം പൂർത്തിയാകുന്നതുവരെ ത്രില്ല് ഫാക്ടറി അഡ്വഞ്ചർ പാർക്കിന്റെ പ്രവർത്തനം നിർത്തിവയ്ക്കാൻ അധികൃതർ നിർദ്ദേശം നൽകി.