മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയെ വഞ്ചകനെന്ന് വിളിച്ച് ആക്ഷേപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ സ്റ്റാൻഡപ് കൊമേഡിയൻ കുനാൽ കമ്രയുമായി ബന്ധപ്പെട്ട എല്ലാ ഉള്ളടക്കങ്ങളും ഓൺലൈൻ ടിക്കറ്റിങ് പ്ലാറ്റ്ഫോമായ ബുക്മൈഷോ നീക്കം ചെയ്തു. കലാകാരന്മാരുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ച ഭാഗത്തുനിന്ന് പ്രൊഫൈലും ഒഴിവാക്കിയിട്ടുണ്ട്. ശിവസേനാ നേതാവ് രാഹുൽ എൻ.കനാൽ നൽകിയ പരാതിയെ തുടർന്നാണ് നടപടി. എന്നാൽ, ബുക്മൈഷോ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല.
അതേസമയം, കേസിൽ കുനാൽ കമ്ര പൊലീസിന്റെ മൂന്നാമത്തെ സമൻസിനോടും പ്രതികരിച്ചിട്ടില്ല. ശിവസേനാ (ഷിൻഡെ) എംഎൽഎ മുർജി പട്ടേൽ നൽകിയ പരാതിയിൽ ഖർ പൊലീസാണ് കമ്രയ്ക്ക് എതിരെ കേസ് എടുത്തത്. മദ്രാസ് ഹൈക്കോടതിയിൽനിന്ന് ഏപ്രിൽ 7 വരെ ഇടക്കാല മുൻകൂർ ജാമ്യം നേടിയെങ്കിലും അന്വേഷണ ഉദ്യോഗസ്ഥരുമായി കമ്ര സഹകരിച്ചിട്ടില്ല.