ISROയുടെ LVM 3 M 5 വിക്ഷേപണം ഇന്ന് 5:26ന്: രഹസ്യ സ്വഭാവത്തോടെ ഉള്ള ദൗത്യം | ISRO

വരാനിരിക്കുന്ന തന്ത്രപ്രധാന ദൗത്യങ്ങളിൽ ഇത് കീഴ്വഴക്കമായി മാറും.
ISROയുടെ LVM 3 M 5 വിക്ഷേപണം ഇന്ന് 5:26ന്: രഹസ്യ സ്വഭാവത്തോടെ ഉള്ള ദൗത്യം | ISRO
Published on

ശ്രീഹരിക്കോട്ട: രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഐ.എസ്.ആർ.ഒ.യുടെ ഏറ്റവും കരുത്തുള്ള വിക്ഷേപണ വാഹനമായ എൽ.വി.എം. 3 ഇന്ന് ബഹിരാകാശത്തേക്ക് കുതിച്ചുയരും. ഇന്ത്യൻ നാവിക സേനയ്ക്ക് വേണ്ടി നിർമിച്ച സി.എം.എസ്. 03 (CMS 03) വാർത്താവിനിമയ ഉപഗ്രഹത്തെയാണ് എൽ.വി.എം. 3 എം5 ദൗത്യത്തിലൂടെ വിക്ഷേപിക്കുന്നത്. ഇന്ന് വൈകുന്നേരം 5:26ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണ് വിക്ഷേപണം.(ISRO's LVM 3 M 5 launch today at 5:26)

ചന്ദ്രയാൻ 3 വിക്ഷേപണം കഴിഞ്ഞ 842 ദിവസങ്ങൾക്ക് ശേഷമാണ് ഒരു എൽ.വി.എം. 3 ദൗത്യം നടക്കുന്നത്. നാവിക സേനയ്ക്ക് വേണ്ടി മാത്രം നിർമിച്ച സി.എം.എസ്. 03 ഉപഗ്രഹത്തിൻ്റെ ഭാരം 4410 കിലോഗ്രാമാണ്.

ഇന്ത്യയിൽ നിന്ന് ജിയോസിൻക്രണസ് ട്രാൻസ്ഫർ ഓർബിറ്റിലേക്ക് (GTO) വിക്ഷേപിക്കുന്ന ഏറ്റവും ഭാരമേറിയ ഉപഗ്രഹമാണിത്. സമുദ്രനിരപ്പിൽ നിന്ന് 36,000 കിലോമീറ്റർ ഉയരത്തിലാണ് ജി.ടി.ഒ.

ഇത്രയും ഭാരമേറിയ ഉപഗ്രഹത്തെ നേരിട്ട് ജി.ടി.ഒയിൽ എത്തിക്കാൻ എൽ.വി.എം. 3-ന് കഴിയില്ല. അതിനാൽ, ഏകദേശം 30,000 കിലോമീറ്റർ ഉയരത്തിൽ ഉപഗ്രഹത്തെ വേർപെടുത്തിയ ശേഷം, ഉപഗ്രഹത്തിലെ തന്നെ ത്രസ്റ്ററുകൾ ഉപയോഗിച്ച് ഭ്രമണപഥം ഉയർത്താനാണ് ഐ.എസ്.ആർ.ഒ.യുടെ തീരുമാനം.

ഈ ദൗത്യം മുതൽ രാജ്യസുരക്ഷാ ഉപഗ്രഹങ്ങളെ കൂടുതൽ രഹസ്യസ്വഭാവത്തോടെ വിക്ഷേപിക്കുന്ന രീതിക്ക് ഐ.എസ്.ആർ.ഒ. തുടക്കമിടുകയാണ്.

ജി.സാറ്റ് 7 ആർ ഉപഗ്രഹമാണ് പുതിയ പേരിടൽ രീതിയിൽ സി.എം.എസ്. 03 ആയതെങ്കിലും ഉപഗ്രഹത്തിൻ്റെ ചിത്രങ്ങളോ ലോഞ്ച് ബ്രോഷറിൽ സാങ്കേതിക വിശദാംശങ്ങളോ ഉൾപ്പെടുത്തിയിട്ടില്ല. ഐ.എസ്.ആർ.ഒ. ഒരു വിക്ഷേപണം ഇത്രയും രഹസ്യ സ്വഭാവത്തോടെ കൈകാര്യം ചെയ്യുന്നത് ഇതാദ്യമായാണ്. വരാനിരിക്കുന്ന തന്ത്രപ്രധാന ദൗത്യങ്ങളിൽ ഇത് കീഴ്വഴക്കമായി മാറും.

എൽ.വി.എം. 3 യുടെ ശേഷി കൂട്ടുന്നതിനുള്ള കൂടുതൽ കരുത്തേറിയ സി 32 ക്രയോജനിക് ഘട്ടത്തിന്റെയും സെമി ക്രയോജനിക് സ്റ്റേജിൻ്റെയും വികസനം പുരോഗമിക്കുകയാണ്. കൂടുതൽ കരുത്തേറിയ സി 32 ക്രയോജനിക് ഘട്ടം ആദ്യ ഗഗൻയാൻ ആളില്ലാ ദൗത്യത്തിൽ പറക്കുമെന്നാണ് പ്രഖ്യാപനം. സെമി ക്രയോ എഞ്ചിൻ തയ്യാറാകാൻ കുറച്ചുകൂടി കാത്തിരിക്കണം.

2025-ലെ ഐ.എസ്.ആർ.ഒ.യുടെ നാലാമത്തെ വിക്ഷേപണ ദൗത്യമാണ് എൽ.വി.എം. 3 എം5. വലിയ പ്രതീക്ഷകളോടെ തുടങ്ങിയ വർഷത്തിൽ പി.എസ്.എൽ.വി. സി 61 ദൗത്യത്തിൻ്റെയും എൻ.വി.എസ്. 02 ഉപഗ്രഹത്തിൻ്റെയും പരാജയം ഇന്ത്യൻ ബഹിരാകാശ ഏജൻസിക്ക് വലിയ തിരിച്ചടിയായിരുന്നു. പ്രശ്ന കാരണങ്ങളെല്ലാം കണ്ടെത്തി തിരുത്തൽ നടപടികൾ സ്വീകരിച്ചുവെന്നാണ് ഐ.എസ്.ആർ.ഒ. വൃത്തങ്ങൾ പറയുന്നത്. ഈ വർഷം അവസാനിക്കും മുൻപ് ഒരു പി.എസ്.എൽ.വി. ദൗത്യം കൂടി നടക്കുമെന്നാണ് സൂചന. എന്നാൽ 2025 അവസാനിക്കും മുൻപ് നടത്തുമെന്ന് പ്രഖ്യാപിച്ച ഗഗൻയാൻ ആദ്യ ആളില്ലാ ദൗത്യത്തിനായി 2026 വരെ കാത്തിരിക്കണം.

Related Stories

No stories found.
Times Kerala
timeskerala.com