തിരിച്ചടിച്ച് ഇന്ത്യ: കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥനെ ഇന്ത്യയും പുറത്താക്കി; ഇന്ത്യ - കാനഡ നയതന്ത്ര ബന്ധം കൂടുതൽ വഷളാകുന്നു
Sep 19, 2023, 13:17 IST

ന്യൂഡൽഹി: ഇന്ത്യ - കാനഡ നയതന്ത്ര ബന്ധം കൂടുതൽ വഷളാകുന്നതായാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥനെ കാനഡ പുറത്താക്കിയതിന് പിന്നാലെ, അതേ നാണയത്തിൽ തന്നെ ഐഡിയയും തിരിച്ചടി നൽകിയിരിക്കുകയാണ്. കാനഡയുടെ നടപടി വന്നു മണിക്കൂറുകൾക്കകം തന്നെ കനേഡിയൻ ഉദ്യോഗസ്ഥനെ ഇന്ത്യയും പുറത്താക്കി. കനേഡിയൻ ഹൈകമീഷ്ണറെ വിളിച്ചുവരുത്തിയാണ് ഇന്ത്യ നടപടി അറിയിച്ചത്. അഞ്ചു ദിവസത്തിനകം രാജ്യം വിടണമെന്നാണ് നിർദേശം നൽകിയിരിക്കുന്നത്. ഇന്ത്യയിൽ നിന്നുകൊണ്ട് ഇന്ത്യാ വിരുദ്ധ ശക്തികളുമായി ചേർന്നുവെന്നാണ് കാരണമായി പറഞ്ഞിരിക്കുന്നത്.കനേഡിയൻ പാർലമെന്‍റിൽ ജസ്റ്റിൻ ട്രൂഡോ ഇന്ത്യക്കെതിരെ വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് ഇന്ത്യൻ നയതന്ത്രജ്ഞനെ പുറത്താക്കിയിരുന്നത്. കാനഡയുടെ നടപടിക്കെതിരെ ഇന്ത്യ രംഗത്തുവരികയും കാനഡയുടെ ആരോപണങ്ങൾ തള്ളി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിറക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് കനേഡിയൻ ഹൈകമീഷ്ണറെ ഇന്ത്യ പുറത്താക്കിയിരിക്കുന്നത്.ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജറുടെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്നാണ് ട്രൂഡോ കനേഡിയൻ പാർലമെന്‍റിൽ പറഞ്ഞത്. കനേഡിയൻ മണ്ണിൽ ഒരു കനേഡിയൻ പൗരനെ കൊലപ്പെടുത്തിയതിൽ ഒരു വിദേശ സർക്കാറിന്റെ പങ്ക് കാനഡയുടെ പരമാധികാരത്തിലുള്ള കടന്നുകയറ്റമാണെന്നും ട്രൂഡോ പറഞ്ഞിരുന്നു.