ഗുജറാത്തിൽ പൊലീസ് സ്റ്റേഷനിൽ നിന്ന് മദ്യവും ഫാനും അടിച്ചുമാറ്റി വിറ്റു; എഎസ്ഐ അടക്കം അഞ്ചുപൊലീസുകാർ അറസ്റ്റിൽ
Updated: Nov 19, 2023, 18:04 IST

അഹമ്മദാബാദ് : പൊലീസ് സ്റ്റേഷനിൽ നിന്ന് തൊണ്ടിമുതലായ മദ്യക്കുപ്പികളും ഫാനുകളും അടിച്ചുമാറ്റി വിറ്റതിന് എഎസ്ഐ അടക്കം അഞ്ചുപൊലീസുകാർ അറസ്റ്റിൽ. ഗുജറാത്തിലെ ഖാൻപൂർ താലൂക്കിലെ ബക്കൂർ പൊലീസ് സ്റ്റേഷനിലെ പൊലീസുകാർക്കെതിരെയാണ് നടപടി സ്വീകരിച്ചത്. 1.57 ലക്ഷം രൂപ വിലമതിക്കുന്ന 125 കുപ്പി മദ്യവും 40,500 രൂപ വിലമതിക്കുന്ന 15 ഫാനുകളുമാണ് വിറ്റത്. അരവിന്ദ് ഖാന്ത് എന്ന എഎസ്ഐ ആണ് മോഷണം ആസൂത്രണം ചെയ്തതെന്നും മറ്റുചില പൊലീസുകാരുടെ സഹായത്തോടെ നടപ്പാക്കിയതെന്നും വ്യക്തമായി. ടേബിൾ ഫാനുകൾക്കിടയിൽ മദ്യക്കുപ്പികൾ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചതിന് ഒരാളെ അടുത്തിടെ പൊലീസ് പിടികൂടിയിയിരുന്നു. ഇയാളിൽ നിന്ന് 482 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും 75 ടേബിൾ ഫാനുകളുമാണ് ബക്കൂർ പൊലീസ് പിടിച്ചെടുത്തത്. ഉന്നത ഉദ്യോഗസ്ഥർ സ്റ്റേഷൻ സന്ദർശിക്കുന്നു എന്നുള്ള അറിയിപ്പ് ലഭിച്ചതോടെ തൊണ്ടിമുതലുകളുടെ രേഖകൾ നൽകാനും സ്റ്റേഷൻ വൃത്തിയാക്കാനും ആവശ്യപ്പെട്ടു. ഇതിനെത്തുടർന്ന് ലോക്കപ്പുകൾ വൃത്തിയാക്കുന്നതിനിടെയാണ് ഫാനുകളുടെയും മദ്യത്തിന്റെയും ഒഴിഞ്ഞ കവറുകൾ കണ്ടെത്തിയത്. തുടർന്നുള്ള അന്വേഷണത്തിലാണ് മദ്യവും ഫാനുകളും മറിച്ചുവിറ്റു എന്ന് വ്യക്തമായത്.