

ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ അധികാരം തിരിച്ചുപിടിക്കാനുള്ള മഹാസഖ്യത്തിന്റെ അഭിലാഷമായ ശ്രമം പരാജയപ്പെട്ടു. അതെ സമയം ഭരണകക്ഷിയായ ദേശിയ ജനാതിപത്യ സഖ്യം (എൻഡിഎ) 200 ലധികം സീറ്റുകളിൽ വൻ വിജയം നേടിക്കൊണ്ടിരിക്കുന്നു. പ്രതിപക്ഷ സഖ്യത്തിനുള്ളിലെ ഘടനാപരമായ ബലഹീനതകളാണ് ഈ തോൽവിയ്ക്ക് കാരണമെന്നാണ് വിലയിരുത്തൽ. (Gathbandhan)
സംഘടനാപരമായ പാളിച്ചകൾ, മുരടിച്ച ജാതി സഖ്യം, തുടർച്ചയായ "ജംഗിൾ രാജ്" പരാമർശം, 'വോട്ട് മോഷണ'ത്തിനെതിരായുള്ള ആരോപണങ്ങൾ എന്നിവയെല്ലാം മഹാഗത്ബന്ധൻ സഖ്യത്തിന്റെ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിക്കാനുള്ള സാധ്യതകളെ ഇല്ലാതാക്കി.
2025 ലെ മത്സരത്തിൽ രാഷ്ട്രീയ ജനതാദൾ മത്സരിച്ചത് പരമ്പരാഗത മുസ്ലീം-യാദവ് (എംവൈ) വോട്ട് ബാങ്കുകളെ ഒപ്പം നിർത്തി കൊണ്ടാണ്. ബീഹാറിലെ വോട്ടർമാരിൽ ഏകദേശം 30 ശതമാനവും അവരുടേതാണ്. ചരിത്രപരമായി ശക്തമായിരുന്നെങ്കിലും, ത്രികോണ മത്സരം നടക്കുന്ന ഒരു സാഹചര്യത്തിൽ ഈ അടിത്തറ പര്യാപ്തമായിരുന്നില്ല. കഴിഞ്ഞ ദശകത്തിൽ ജെ.ഡി.യു - ബി.ജെ.പി സഖ്യത്തിലേക്ക് നിരന്തരം ആകർഷിക്കപ്പെട്ടിരുന്ന അങ്ങേയറ്റം പിന്നാക്ക വിഭാഗങ്ങൾ (ഇബിസി), ദലിതർ, യുവാക്കൾ എന്നിവരിലേക്ക് എത്തിച്ചേരാൻ ആർജെഡി നേതാവ് തേജസ്വി യാദവ് പാടുപെട്ടു എന്ന് വേണം തിരഞ്ഞെടുപ്പ് ഫലത്തിൽ നിന്നും മനസിലാക്കേണ്ടത്.