Times Kerala

ഗണേശ ചതുർഥി: ക്ഷേത്രം അലങ്കരിക്കാൻ രണ്ട് കോടിയുടെ നോട്ടുകൾ, 70 ലക്ഷത്തിന്‍റെ നാണയങ്ങൾ; വിഡിയോ

 
ഗണേശ ചതുർഥി: ക്ഷേത്രം അലങ്കരിക്കാൻ രണ്ട് കോടിയുടെ നോട്ടുകൾ, 70 ലക്ഷത്തിന്‍റെ നാണയങ്ങൾ; വിഡിയോ

ബംഗളൂരു: ഗണേശ ചതുർഥി ഉത്സവത്തിന്‍റെ ഭാഗമായി മൂന്ന് കോടിയോളം രൂപയുടെ കറൻസി നോട്ടുകളും നാണയങ്ങളും കൊണ്ട് അലങ്കരിച്ച ഒരു ക്ഷേത്രത്തിന്‍റെ വിഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ബംഗളൂരു ജെ.പി നഗറിലെ സത്യഗണപതി ക്ഷേത്രത്തിലാണ് ഇത്തരത്തില്‍ നോട്ട് മാല തീര്‍ത്തത്. 10,20,50, 500 രൂപ ഇന്ത്യന്‍ കറൻസികളാണ് ക്ഷേത്രം അലങ്കരിക്കാൻ ഉപയോഗിച്ചത്. എൻ.ഡി.ടി.വിയാണ് ഈ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്. 

2.18 കോടി രൂപയുടെ കറൻസികളും 70 ലക്ഷം രൂപ നാണയങ്ങളുമാണ് അലങ്കാരത്തിനായി ഉപയോഗിച്ചതെന്നും ഇത് തയ്യാറാക്കാൻ മൂന്ന് മാസമെടുത്തെന്നും ക്ഷേത്രം ഭാരവാഹി മോഹൻ രാജു പറഞ്ഞുവെന്നാണ് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തത്.  


അതേസമയം, ക്ഷേത്രത്തില്‍ ഉപയോഗിച്ചത് യഥാർഥ നോട്ടുകളോയെന്നത് വ്യക്തമല്ല. ഇതിനെ കുറിച്ച് വിഡിയോയില്‍ പറയുന്നുമില്ല.എന്നാൽ, യഥാർഥ ഇന്ത്യന്‍ കറന്‍സി ഉപയോഗിച്ച് ഇത്തരത്തില്‍ മാല കോര്‍ക്കുന്നത് നിയമവിരുദ്ധമാണ്. മാലകൾ, കളിപ്പാട്ടങ്ങൾ എന്നിവ നിർമിക്കാനോ പന്തലുകളും ആരാധനാലയങ്ങളും അലങ്കരിക്കുന്നതിനും പൊതു പരിപാടികളിൽ വ്യക്തികളെ അണിയിക്കുന്നതിനും ഇന്ത്യന്‍ കറന്‍സി ഉപയോഗിക്കരുതെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പറയുന്നു.  

Related Topics

Share this story