വീടിന്റെ മേൽക്കൂര തകർന്നുവീണ് കുടുംബത്തിലെ അഞ്ചുപേർ മരിച്ചു
Sep 16, 2023, 20:26 IST

ലഖ്നോ: ഉത്തർപ്രദേശിൽ ലഖ്നോക്ക് സമീപം വീടിന്റെ മേൽക്കൂര തകർന്നുവീണ് മൂന്നു കുട്ടികളുൾപ്പടെ കുടുംബത്തിലെ അഞ്ചുപേർ മരിച്ചു. സതീഷ് ചന്ദ്ര (40) സരോജിനി ദേവി (35), ഹർഷിത് (13), ഹർഷിത (10), അൻഷ് (അഞ്ച്) എന്നിവരാണ് മരിച്ചത്. ആനന്ദ് നഗറിലെ ഫത്തേഹ് അലി റെയിൽവേ കോളനിയിലെ വീടാണ് ശനിയാഴ്ച പുലർച്ചെ തകർന്നത്.

കനത്ത മഴയിൽ കുതിർന്ന മേൽക്കൂര തകർന്നുവീഴുകയായിരുന്നെന്നാണ് സൂചന. ദേശീയ ദുരന്ത നിവാരണ സേനയും പൊലീസും ചേർന്ന് മൃതദേഹങ്ങൾ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും എല്ലാവരും മരിച്ചിരുന്നു