ബംഗളൂരിൽ അഞ്ചുനില കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പ്ലാസ്റ്റിക് ഗോഡൗണിന് തീപിടിച്ചു
Nov 21, 2023, 09:41 IST

ബംഗളൂരു: നഗരത്തിലെ എസ്.പി റോഡിലെ കുമ്പർപേട്ടിലെ അഞ്ചുനില കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പ്ലാസ്റ്റിക് ഗോഡൗണിന് തീപിടിച്ചു. ഇടുങ്ങിയ റോഡുകളടക്കമുള്ള അസൗകര്യങ്ങൾമൂലം രാത്രിയും തീ അണക്കാൻ പൂർണമായി കഴിഞ്ഞിട്ടില്ല. ഞായറാഴ്ച വൈകുന്നേരം മൂന്നുമണിയോടെയാണ് കെട്ടിടത്തിന്റെ മുന്നാംനിലയിൽനിന്ന് ആദ്യം തീപിടിത്തമുണ്ടായത്. നിരവധി ഷോപ്പുകളും പ്ലാസ്റ്റിക് ഗോഡൗണുമാണ് ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്നത്. കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങളുടെ ഷോപ്പുകളും പ്രവർത്തിച്ചിരുന്നു. ഇത്തരത്തിലുള്ള ഒരു ഷോപ്പ് പൂർണമായും കത്തിനശിച്ചു. സമീപത്തുള്ളവർ അഗ്നിശമനരക്ഷാസേനയെ വിവരമറിയിച്ചെങ്കിലും ഒരു മണിക്കൂർ കഴിഞ്ഞാണ് അവർ എത്തിയത്.
കെട്ടിടത്തിന്റെ മേൽക്കൂരയിൽ ഷീറ്റുകൊണ്ടുണ്ടാക്കിയ വീട്ടിൽ ദമ്പതികൾ താമസിച്ചിരുന്നു. ഈ കെട്ടിടത്തിലെ ഒരു ഷോപ്പിലെ ജോലിക്കാരനും ഭാര്യ കവിതയുമായിരുന്നു ഇവിടെയുണ്ടായിരുന്നത്.
തീപടർന്ന സമയം കവിതയായിരുന്നു വീടിനകത്തുണ്ടായിരുന്നത്. താഴെയുണ്ടായിരുന്നവർ ഏണിവെച്ചും സാരി കെട്ടിയുമാണ് ഇവരെ രക്ഷിച്ചത്. തീപിടിത്തമുണ്ടാകാനുള്ള കാരണം ഇതുവരെ കെണ്ടത്താനായിട്ടില്ല. ഷോർട്ട്സർക്യൂട്ടാണെന്ന് സംശയം.
