

പൂനെ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരായ മാനനഷ്ടക്കേസ് വാദം കേൾക്കുന്നതിനിടെ പൂനെ എം.പി.-എം.എൽ.എ. പ്രത്യേക കോടതിയിൽ നാടകീയ സംഭവങ്ങൾ. കേസിൽ പ്രധാന തെളിവായി സമർപ്പിച്ച സി.ഡി. ശൂന്യമാണെന്ന് കോടതി കണ്ടെത്തി. ശൂന്യമായ സി.ഡി. കണ്ടെത്തിയതോടെ കേസിൽ വലിയ ആശയക്കുഴപ്പമുണ്ടായി.(Empty CD given as key evidenc, Dramatic scenes in court during hearing in defamation case against Rahul Gandhi)
ഇതേ സി.ഡിയിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കോടതി നേരത്തെ രാഹുൽ ഗാന്ധിക്ക് സമൻസ് അയച്ചതെന്ന് പരാതിക്കാരന്റെ അഭിഭാഷകൻ സൻഗ്രാം കോൽഹക്ട്ടർ വാദിച്ചു. സി.ഡിയിലെ വിവരങ്ങൾ കോടതി നേരത്തെ പരിശോധിച്ചതാണെന്നും അദ്ദേഹം അവകാശപ്പെട്ടു. സി.ഡി. ശൂന്യമാണെങ്കിൽ രാഹുൽ ഗാന്ധിയുടെ പരാമർശവുമായി ബന്ധപ്പെട്ട യൂട്യൂബ് വീഡിയോ കാണണമെന്നും സൻഗ്രാം കോടതിയിൽ നിർദേശിച്ചു.
എന്നാൽ, കോടതി ഈ അപേക്ഷ തള്ളിക്കളയുകയായിരുന്നു. സെക്ഷൻ 65B സർട്ടിഫിക്കറ്റ് ഇല്ലാത്ത ഓൺലൈൻ യു.ആർ.എൽ. തെളിവായി സ്വീകരിക്കാൻ ആകില്ലെന്ന് കോടതി വ്യക്തമാക്കി. ഇതോടെ, കേസിൽ വാദം കേൾക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റി.
2023-ൽ വി.ഡി. സവർക്കറെക്കുറിച്ച് രാഹുൽ ഗാന്ധി നടത്തിയ അപകീർത്തികരമായ പ്രസംഗവുമായി ബന്ധപ്പെട്ടതാണ് ഈ കേസ്. സവർക്കറുടെ അനന്തരവനായ സത്യകി സവർക്കർ നൽകിയ പരാതിയെത്തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്.