കുവൈറ്റിലെ നഴ്സുമാരുടെ കാര്യത്തില്‍ ആശങ്ക വേണ്ട; മോചന നടപടികള്‍ പുരോഗമിക്കുന്നുവെന്ന് വി. മുരളീധരന്

ന്യൂഡല്‍ഹി: കുവൈറ്റില്‍ അറസ്റ്റിലായ നഴ്സുമാരുടെ സംഘത്തെ മോചിപ്പിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്. വിദേശകാര്യ മന്ത്രാലയവും ഇന്ത്യന്‍ എംബസിയും അധികാരികളുമായി സംസാരിച്ചുവരുകയാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നും മന്ത്രി പറഞ്ഞു.

ഇറാനി പൗരന്റെ ഉടമസ്ഥതയില്‍ മാലിയയില്‍ പ്രവര്‍ത്തിച്ചു വന്ന ക്ലിനിക്കിലെ ജീവനക്കാരെയാണ് അറസ്റ്റ് ചെയ്തത്. കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതി ഇല്ലാതെയാണ് ആശുപത്രി പ്രവര്‍ത്തിച്ച് വന്നത്. ഇതേ തുടർന്ന് 19 മലയാളി നഴ്സുമാര്‍ ഉള്‍പ്പെട്ട സംഘത്തെയാണ് അറസ്റ്റ് ചെയ്ത് ജയിലിലേക്ക് മാറ്റിയത്. താമസനിയമം ലംഘിച്ചു ജോലി ചെയ്തെന്ന പേരില്‍ പിടിക്കപ്പെട്ട 60 അംഗ സംഘത്തില്‍ 34 ഇന്ത്യക്കാരാണുള്ളതെന്നും മന്ത്രി വ്യക്തമാക്കി.
ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് പറഞ്ഞ മന്ത്രി കൈക്കുഞ്ഞുങ്ങള്‍ ഉള്ളവര്‍ക്ക് അവരെ കാണാനും മുലയൂട്ടാനും ഉള്ള സാഹചര്യമുണ്ടെന്നും വിശദീകരിച്ചു.