

ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ വിലകുറച്ച് കാണരുതെന്ന് ബിജെപി നേതാവ് സ്മൃതി ഇറാനി. രാഹുൽ ഗാന്ധിയുടെ പ്രവർത്തനരീതിയിൽ വലിയ മാറ്റം വന്നെന്നും അദ്ദേഹം വിജയം അറിഞ്ഞു തുടങ്ങിയെന്നും സ്മൃതി ഇറാനി പറഞ്ഞു. ഒരു പ്രത്യേകവിഭാഗത്തെ സ്വാധീനിക്കാൻ ലക്ഷ്യമിട്ടുള്ള കരുതിക്കൂട്ടിയുള്ള പ്രവൃത്തികളാണ് അദ്ദേഹത്തിന്റേത്. അത് നല്ലതെന്നോ ചീത്തയെന്നോ അപക്വമെന്നോ നിങ്ങൾക്കു തോന്നിയാലും അതിനെ വിലകുറച്ചു കാണാനാവില്ല. അത് മറ്റൊരുതരം രാഷ്ട്രീയമാണ്.
ജാതി രാഷ്ട്രീയം മുതല്‍ പ്രകോപിപ്പിക്കുന്ന പ്രസംഗങ്ങള്‍ വരെ അദ്ദേഹം നടത്തുന്നത് പുതിയ തന്ത്രത്തിന്റെ ഭാഗമാണെന്നും അവർ പറഞ്ഞു. ജാതിയെക്കുറിച്ച് സംസാരിക്കുമ്പോഴും പാര്‍ലമെന്റില്‍ വെള്ള ടീ ഷര്‍ട്ട് ധരിക്കുമ്പോഴും യുവാക്കള്‍ക്ക് എന്ത് സന്ദേശമാണ് നല്‍കുക എന്നതിനെക്കുറിച്ച് അദ്ദേഹം ബോധവാനാണെന്നും സ്മൃതി ഇറാനി പറഞ്ഞു .