അയൽക്കാരന്റെ വീട്ടിൽ ഡിജെ പാർട്ടി; ശബ്ദം കേ‌ട്ട് കോഴികൾ ചത്തെന്ന പരാതിയുമായി ഫാം ഉടമ

അയൽക്കാരന്റെ വീട്ടിൽ ഡിജെ പാർട്ടി; ശബ്ദം കേ‌ട്ട് കോഴികൾ ചത്തെന്ന പരാതിയുമായി ഫാം ഉടമ
 ഒഡീഷ: അയൽക്കാരനെതിരെ വിചിത്ര പരാതിയുമായി ഫാം ഉടമ രംഗത്ത്. അയൽവാസിയുടെ വീട്ടിലെ വിവാഹ പാർട്ടിക്ക് ഉച്ചത്തിൽ പാട്ട് വെച്ചതു മൂലം ശബ്ദം കേട്ട് തന്റെ ഫാമിലെ കോഴികൾ ചത്തെന്ന പരാതിയുമായാണ് കോഴി ഫാം ഉടമ രഞ്ജിത്ത് പരിദ എന്നയാൾ പൊലീസിനെ സമീപിച്ചിരിക്കുന്നത്. ഇയാളുടെ അയൽക്കാരൻ രാമചന്ദ്രനെതിരെയാണ് പരാതി. ഒഡീഷയിലെ ബലസൊർ ന​ഗരത്തിലാണ് സംഭവം. തന്റെ ഫാമിലെ 63 കോഴികൾ അയൽവാസിയുടെ വീട്ടിൽ വച്ച പാട്ടിന്റെ ശബ്ദം കാരണം ചത്തു എന്നാണു പരാതിയിൽ പറയുന്നത്. രാമചന്ദ്രന്റെ വീ‌ട്ടിൽ നടന്ന വിവാഹാഘോഷത്തിന് ഡിജെ പാർട്ടി നടത്തിയിരുന്നു. ഉച്ചത്തിലുള്ള പാട്ടുകൾ കേട്ട് തന്റെ കോഴികൾ ഹൃദയാഘാതം വന്ന് ചത്തു പോയെന്നാണ് താൻ സംശയിക്കുന്നതെന്ന് രഞ്ജിത്തിന്റെ പരാതിയിൽ പറയുന്നു.  ഉച്ചത്തിലുള്ള ശബ്ദം കേട്ടായിരിക്കാം കോഴികൾ ചത്തതെന്ന് വെറ്റിനറി ഡോക്ടറും പറഞ്ഞതായി ഇദ്ദേഹം പരാതിയിൽ ചൂണ്ടികാട്ടുന്നു. ഫാമുടമ രഞ്ജിത്ത് 22 കാരനായ എൻജിനീയറിം​ഗ് ബിരുദ ധാരിയാണ്. ജോലിയൊന്നും ലഭിക്കാതായതോടെ ബാങ്കിൽ നിന്നും 2 ലക്ഷം രൂപ ലോണെടുത്താണ് കോഴി ഫാം തു‌ടങ്ങിയത്. കോഴികൾ ചത്തതിന് അയൽക്കാരനോട് നഷ്‌ടപരിഹാരം ചോദിച്ച് ലഭിക്കാഞ്ഞതോ‌ടെയാണ് പരാതിയുമായി പെലാസിനെ സമീപിച്ചത്. പരാതി ലഭിച്ചിരുന്നെന്നും ഇരുവിഭാ​ഗവും തമ്മിൽ സ്റ്റേഷനിൽ വെച്ച് പ്രശ്നം പരിഹരിച്ചെന്ന് നില​ഗിരി പൊലീസ് പറഞ്ഞു.

Share this story