കർണാടകയിലെ തർക്കം ഡൽഹി വരെയെത്തി: സിദ്ധരാമയ്യ, DKS ചർച്ച | Congress

ഹൈക്കമാൻഡ് ടീം ഒരുമിച്ചിരുന്ന് അന്തിമ തീരുമാനമെടുക്കും
Dispute in Karnataka Congress has reached Delhi
Updated on

ബെംഗളൂരു: കർണാടക മുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ച് കോൺഗ്രസിനുള്ളിൽ തുടരുന്ന തർക്കം പരിഹരിക്കുന്നതിനായി ഡൽഹിയിൽ നിർണായക യോഗം. മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെയും ഒരുമിച്ചിരുത്തിയാണ് കോൺഗ്രസ് ദേശീയ നേതൃത്വം ചർച്ച നടത്തുന്നത്.(Dispute in Karnataka Congress has reached Delhi )

എല്ലാവരുമായി ചർച്ച നടത്തിയ ശേഷം അന്തിമ തീരുമാനമെടുക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വ്യക്തമാക്കി. "എല്ലാവരെയും ചർച്ചകൾക്കായി ഞാൻ ക്ഷണിക്കുകയാണ്, രാഹുൽ ഗാന്ധിയും ആ യോഗത്തിൽ പങ്കെടുക്കും. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും അവിടെ ഉണ്ടാകും. എല്ലാവരുമായും ചർച്ച ചെയ്തതിനുശേഷം മാത്രമേ തീരുമാനമെടുക്കൂ," ഖാർഗെ പറഞ്ഞു. "ഹൈക്കമാൻഡ് എന്നാൽ ടീമാണ്, ഹൈക്കമാൻഡ് ടീം ഒരുമിച്ചിരുന്ന് അന്തിമ തീരുമാനമെടുക്കും."

ചർച്ചകൾ നടക്കുന്നതിനിടെ ഇരുപക്ഷത്തുനിന്നും നിർണായകമായ പ്രസ്താവനകളുണ്ടായി. "വാക്ക് പാലിക്കുന്നതാണ് ലോകത്തിലെ ഏറ്റവും വലിയ ശേഷി" എന്ന് ഹൈക്കമാൻഡിനെ ഉന്നമിട്ടുകൊണ്ട് ശിവകുമാർ ചർച്ചകൾക്ക് മുമ്പ് പ്രസ്താവന നടത്തിയിരുന്നു. രണ്ടരവർഷം വീതം മുഖ്യമന്ത്രിസ്ഥാനം പങ്കിടാമെന്ന ധാരണ പാലിക്കണമെന്നാണ് അദ്ദേഹത്തിന്റെ പ്രധാന ആവശ്യം.

സിദ്ധരാമയ്യയുടെ അടുത്ത അനുയായിയും ആഭ്യന്തരമന്ത്രിയുമായ ജി. പരമേശ്വര, ഹൈക്കമാൻഡ് തീരുമാനത്തെ അംഗീകരിക്കുമെന്ന് വ്യക്തമാക്കി. "കോൺഗ്രസ് ദേശീയ നേതൃത്വം ഡി.കെ. ശിവകുമാറിനെ മുഖ്യമന്ത്രിയാക്കിയാൽ ഞങ്ങൾ അത് അംഗീകരിക്കും," അദ്ദേഹം പറഞ്ഞു. അതേസമയം, രണ്ടര വർഷത്തെ അധികാര പങ്കുവെക്കൽ സംബന്ധിച്ച് അത്തരം ഒരു ധാരണയില്ലെന്നാണ് സിദ്ധരാമയ്യ പക്ഷം വാദിക്കുന്നത്. എം.എൽ.എമാരുടെ പൊതുതാത്പര്യം അനുസരിച്ച് തീരുമാനമെടുക്കണമെന്നും, എം.എൽ.എമാരിൽ കൂടുതൽ പേരും തനിക്കൊപ്പമാണെന്നുമാണ് സിദ്ധരാമയ്യയുടെ അവകാശവാദം.

പുതുമുഖങ്ങളെ ഉൾപ്പെടുത്തി മന്ത്രിസഭാ പുനഃസംഘടന ഉടൻ നടപ്പാക്കണമെന്നാണ് സിദ്ധരാമയ്യയുടെ ആവശ്യം. എന്നാൽ, മുഖ്യമന്ത്രി സ്ഥാനത്തിൽ തീരുമാനമെടുത്തതിനുശേഷം മതി മന്ത്രിസഭാ പുനഃസംഘടനയെന്നാണ് ശിവകുമാർ ആവശ്യപ്പെടുന്നത്. അഞ്ച് വർഷത്തിലേറെയായി കെ.പി.സി.സി. അധ്യക്ഷനായി തുടരുന്ന ശിവകുമാർ, മുഖ്യമന്ത്രിസ്ഥാനം ലക്ഷ്യമാക്കി പദവി ഒഴിയാൻ സന്നദ്ധനാണെന്ന് അറിയിച്ചിട്ടുണ്ട്. പൊതുമരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളി ഉൾപ്പെടെയുള്ളവർ ഈ സ്ഥാനത്തിനായി കാത്തിരിക്കുകയാണ്.

നേതൃമാറ്റ തർക്കങ്ങൾക്കിടെ ദളിത് മുഖ്യമന്ത്രി വേണമെന്ന ആവശ്യവും ശക്തമാവുകയാണ്. ശിവകുമാർ മുഖ്യമന്ത്രിയാകുന്നത് തടയുന്നതിന്റെ ഭാഗമായിട്ടാണ് ഈ ആവശ്യം വീണ്ടും ഉയരുന്നത്. ദളിത് സംഘടനകൾ പ്രധാനമായും ഉയർത്തിക്കാട്ടുന്നത് ജി. പരമേശ്വരയുടെ പേരാണ്. "തനിക്കും മുഖ്യമന്ത്രിയാകാൻ ആഗ്രഹമുണ്ടെന്ന്" ആവർത്തിച്ച പരമേശ്വര, പാർട്ടിക്ക് താൻ നൽകിയ സംഭാവനകളെക്കുറിച്ച് ഹൈക്കമാൻഡിന് പൂർണ്ണ ബോധ്യമുണ്ടെന്നും അന്തിമ തീരുമാനം അവരുടേതാണെന്നും കൂട്ടിച്ചേർത്തു.

Related Stories

No stories found.
Times Kerala
timeskerala.com