ബെംഗളൂരു: ആടുഗോഡി എം.ആർ. നഗറിൽ ഭിന്നശേഷിക്കാരിയായ യുവതിക്ക് നേരെ അതിക്രൂരമായ ലൈംഗികാതിക്രമം. യുവതിയെ ബലാത്സംഗം ചെയ്ത അസം സ്വദേശി വിഘ്നേഷ് അറസ്റ്റിലായി. വീട്ടിൽ ആളില്ലാത്ത സമയത്താണ് ഇയാൾ യുവതിക്ക് നേരെ അതിക്രമം നടത്തിയത്.(Disabled woman raped, Accused beaten up by locals, handed over to the police)
നവംബർ 9-നാണ് സംഭവം നടന്നത്. യുവതിയുടെ വീട്ടിലുള്ള എല്ലാവരും ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പുറത്ത് പോയിരുന്നു. യുവതിയുടെ രണ്ട് കാലുകൾക്കും ചലനശേഷിയില്ല, സംസാരശേഷിയും പരിമിതമാണ്.
വീടിന്റെ വാതിൽ പുറത്ത് നിന്ന് അടച്ചാണ് വീട്ടുകാർ പോയത്. ഈ സമയം വീട്ടിൽ ആരുമില്ലെന്ന് മനസ്സിലാക്കിയ വിഘ്നേഷ് വാതിൽ തള്ളിത്തുറന്ന് അകത്ത് കയറുകയും യുവതിക്ക് നേരെ ക്രൂരമായി അതിക്രമം നടത്തുകയുമായിരുന്നു.
വിവാഹ ചടങ്ങ് കഴിഞ്ഞ് തിരിച്ചെത്തിയ വീട്ടുകാർ വീടിന്റെ വാതിൽ അകത്ത് നിന്ന് പൂട്ടിയിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ വാതിൽ തല്ലിപ്പൊളിച്ച് അകത്ത് കയറുകയായിരുന്നു. വീടിനുള്ളിൽ ഒളിച്ചിരുന്ന വിഘ്നേഷിനെ നാട്ടുകാർ പിടികൂടി കൈകാര്യം ചെയ്ത ശേഷം പോലീസിന് കൈമാറി.
യുവാവിനെ നടുറോഡിലിട്ട് നാട്ടുകാർ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. യുവതിയുടെ ബന്ധുക്കളുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.