ഉഗ്ര സ്ഫോടനത്തിലും നിലവിളികളിലും ഞെട്ടി ഡൽഹി : പിന്നിൽ മസൂദ് അസറോ ? | Masood Azhar

മസൂദ് അസർ ഇന്ത്യയിലെ ഭീകര പ്രവർത്തനങ്ങളുടെ മുൻനിര കുറ്റവാളിയാണ്.
Delhi shocked by violent explosion and screams, Is Masood Azhar behind it?
Published on

ന്യൂഡൽഹി: നവംബർ 10-ന് ഡൽഹിയുടെ ഹൃദയഭാഗമായ റെഡ് ഫോർട്ടിന് സമീപമുണ്ടായ കാർ ബോംബ് സ്ഫോടനം രാജ്യത്തെ വീണ്ടും ഭീകരവാദ ഭീഷണിയിലേക്ക് ശ്രദ്ധ ക്ഷണിക്കുകയാണ്. നേതാജി സുഭാഷ് മാർഗിൽ, ചെങ്കോട്ട മെട്രോ സ്റ്റേഷന്റെ ഒന്നാം ഗേറ്റിന് സമീപമായിരുന്നു സ്ഫോടനമുണ്ടായത്.(Delhi shocked by violent explosion and screams, Is Masood Azhar behind it?)

കാറിൽ സ്ഫോടകവസ്തുക്കൾ കടത്തുന്നതിനിടെ അവ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. ഭീകരാക്രമണത്തിന് പദ്ധതിയിട്ട സുഹൃത്തുക്കൾ അറസ്റ്റിലായതിനെത്തുടർന്ന് സമ്മർദത്തിലായ ചാവേർ ഡോ. ഉമർ നബി തന്നെയാണ് സ്ഫോടനം നടത്തിയതെന്നും അന്വേഷണത്തിൽ കണ്ടെത്തി. ദേശീയ അന്വേഷണ ഏജൻസിക്കാണ് (എൻ.ഐ.എ.) അന്വേഷണ ചുമതല.

ചെങ്കോട്ട സ്ഫോടനത്തിന്റെ പ്രാഥമിക സൂചനകൾ വിരൽ ചൂണ്ടുന്നത് പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിലേക്കാണ് (JeM). സ്ഫോടനം ജെയ്ഷെ മുഹമ്മദുമായി ബന്ധമുള്ള ഭീകരാക്രമണമാണെന്ന സൂചനയിൽ ഡൽഹി പോലീസ് കേസെടുത്തിട്ടുണ്ട്.

സ്ഫോടനത്തിന് തൊട്ടുമുമ്പ് ജമ്മു-കശ്മീർ, ഹരിയാണ, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലായി നടന്ന പരിശോധനയിൽ 360 കിലോഗ്രാം അമോണിയം നൈട്രേറ്റ്, പൊട്ടാസ്യം നൈട്രേറ്റ് അടക്കം ഐ.ഇ.ഡി. നിർമാണത്തിനുള്ള 2900 കിലോഗ്രാം വസ്തുക്കൾ പിടികൂടിയിരുന്നു. ഈ പരിശോധനയിൽ മൂന്ന് ഡോക്ടർമാരുൾപ്പെടെ എട്ട് പേർ അറസ്റ്റിലായി. ജെയ്‌ഷെ മുഹമ്മദ്, അൻസാർ ഘസ്‌വാത് ഉൾ ഹിന്ദ് എന്നീ ഭീകരസംഘടനകളുമായി ബന്ധമുള്ളവരാണ് പിടിയിലായത്. ഈ അറസ്റ്റും പുതിയ സ്ഫോടനവും ജെയ്ഷെ മുഹമ്മദിന്റെ വൻ ഗൂഢാലോചനയിലേക്കാണ് വിരൽ ചൂണ്ടുന്നത്.

ചെങ്കോട്ട സ്ഫോടനം അതിർത്തിക്കപ്പുറത്തെ പ്രധാന ഭീകര മുഖങ്ങളിലൊന്നായ മസൂദ് അസറിനെ വീണ്ടും ശ്രദ്ധാകേന്ദ്രമാക്കുകയാണ്. യു.എൻ. സുരക്ഷാ കൗൺസിൽ അന്താരാഷ്ട്ര ഭീകരനായി പ്രഖ്യാപിച്ചിട്ടും പാകിസ്താന്റെ കാവലിൽ കഴിയുന്ന മസൂദ് അസർ ഇന്ത്യയിലെ ഭീകര പ്രവർത്തനങ്ങളുടെ മുൻനിര കുറ്റവാളിയാണ്.

2001-ലെ പാർലമെന്റ് ആക്രമണം, 2008-ലെ മുംബൈ ആക്രമണം, 2016-ലെ പത്താൻകോട്ട് വ്യോമതാവള ആക്രമണം, 2019-ലെ പുൽവാമ ആക്രമണം തുടങ്ങി ഇന്ത്യയുടെ മനസുലച്ച വിവിധ ആക്രമണങ്ങൾക്കുപിന്നിൽ ജെയ്‌ഷെ മുഹമ്മദിന്റെ കരങ്ങളുണ്ട്.

1999-ൽ ഇന്ത്യൻ വിമാനം തട്ടിക്കൊണ്ടുപോയതിനെ തുടർന്ന് ഇന്ത്യ വിട്ടയച്ച മസൂദ് അസർ പാകിസ്താനിൽ ജന്മസ്ഥലമായ ബഹാവൽപ്പുരിൽ തിരിച്ചെത്തി ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയാണ്. പാക് പട്ടാളത്തിന്റെയും സൈനിക ചാരസംഘടനയായ ഐ.എസ്.ഐ.യുടെയും ശക്തമായ പിന്തുണയിലാണ് അസറും സംഘവും ഇപ്പോഴും അഭിവൃദ്ധി പ്രാപിക്കുകയും ഭീകരപ്രവർത്തനങ്ങൾ തുടരുകയും ചെയ്യുന്നതെന്ന് ഇന്റലിജൻസ് വൃത്തങ്ങൾ പറയുന്നു.

Related Stories

No stories found.
Times Kerala
timeskerala.com