ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനക്കേസിലെ മുഖ്യപ്രതിയായ ഡോ. ഉമർ ബോംബ് നിർമ്മാണ സാമഗ്രികൾ എപ്പോഴും കൂടെ കൊണ്ടുനടന്നിരുന്നതായി ദേശീയ അന്വേഷണ ഏജൻസിക്ക് മൊഴി ലഭിച്ചു. ഭീകരൻ ബുർഹാൻ വാനിയുടെ വധത്തിന് പ്രതികാരം ചെയ്യാനായിരുന്നു ഇവരുടെ ഗൂഢപദ്ധതി. പ്രതി ഉപയോഗിച്ചിരുന്ന ഐ 20 കാറിൽ എപ്പോഴും ഒരു സ്യൂട്ട്കേസ് കൊണ്ടുനടന്നിരുന്നു. ഈ സ്യൂട്ട്കേസിൽ പകുതി നിർമ്മാണം പൂർത്തിയാക്കിയ ബോംബ് എപ്പോഴും സൂക്ഷിച്ചിരുന്നതായി മൊഴിയിൽ പറയുന്നു.(Delhi blast, Terrorist Umar kept a half-made bomb in his car)
ബോംബ് നിർമ്മാണത്തിനായി നെയിൽ പോളിഷ് റിമൂവർ, പൊടിച്ച പഞ്ചസാര തുടങ്ങിയ സാധാരണ വസ്തുക്കളാണ് ഉപയോഗിച്ചിരുന്നതെന്നും സൂചനയുണ്ട്. ഡോ. ഉമർ ഉൻ നബി സ്വയം വിശേഷിപ്പിച്ചിരുന്നത് വൈറ്റ് കോളർ സംഘത്തിന്റെ 'അമീർ' എന്നാണ്. കശ്മീരിൽ ഒരു വൻ ആക്രമണ പദ്ധതി ഈ സംഘം തയ്യാറാക്കിയിരുന്നുവെന്നും എൻ.ഐ.എയ്ക്ക് വിവരം ലഭിച്ചു.
ഹരിയാനയിൽ നിന്ന് ശേഖരിച്ച സ്ഫോടകവസ്തുക്കൾ കശ്മീരിലേക്ക് കടത്താൻ പദ്ധതിയിട്ടിരുന്നുവെങ്കിലും അത് സാധ്യമായില്ലെന്നും മൊഴിയിൽ പറയുന്നു. ഡൽഹി ചാവേർ ആക്രമണത്തിന് പിന്നിൽ അഫ്‌ഗാനിസ്ഥാൻ-പാക് അധിനിവേശ കശ്മീർ എന്നിവിടങ്ങളിൽ കേന്ദ്രീകരിച്ചുള്ള ജെയ്‌ഷെ ഭീകര ശൃംഖലയാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.
ആക്രമണത്തിന് നിർദ്ദേശം നൽകിയത് ഫൈസൽ ഇഷ്ഫാഖ് ഭട്ട്, ഡോ. ഉകാസ, ഹാഷിം എന്നിവരായിരുന്നു. ചാവേർ ആക്രമണത്തിന് മുൻപായി ഡോ. ഉമർ നബി ആശയവിനിമയം നടത്തിയത് ഇവരുമായാണ്. “ഫർസന്ദൻ-ഇ-ദാറുൽ ഉലൂം ദിയോബന്ദ്”, “കാഫില-ഇ-ഗുർബ” എന്നീ ടെലഗ്രാം ഗ്രൂപ്പുകൾ വഴിയാണ് ഹിസ്ബുൾ ഭീകരർ വൈറ്റ് കോളർ സംഘവുമായി ആശയവിനിമയം നടത്തിയിരുന്നത്.
ഭീകര ബന്ധം കണ്ടെത്തിയവരുടെ ബാങ്ക് അക്കൗണ്ടുകൾ എൻ.ഐ.എ. മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.