ന്യൂഡൽഹി: ചെങ്കോട്ട സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് ഫരീദാബാദിലെ അൽ ഫലാഹ് സർവകലാശാലയിലെ വിദ്യാർത്ഥികളും ജീവനക്കാരും നിർണായക വിവരങ്ങൾ പങ്കുവെച്ചു. കേസുമായി ബന്ധമുള്ള ഡോ. ഉമർ മുഹമ്മദ്, ഡോ. മുസമ്മിൽ സയീദ് എന്നിവരെക്കുറിച്ചുള്ള വിശദാംശങ്ങളാണ് ദേശീയ മാധ്യമത്തിൻ്റെ പ്രത്യേക അന്വേഷണ റിപ്പോർട്ടിലൂടെ പുറത്തുവന്നത്.(Delhi blast, Students say Umar tried to implement 'Taliban model' in class)
ഡോ. ഉമർ മുഹമ്മദ് തന്റെ ക്ലാസ് മുറിയിൽ കർശനമായ വേർതിരിവ് സമ്പ്രദായങ്ങൾ പിന്തുടർന്നിരുന്നുവെന്ന് വിദ്യാർത്ഥികൾ പറയുന്നു. "ഞങ്ങളുടെ ബാച്ചിൽ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചാണ് ഇരുന്നിരുന്നത്. അത് ഞങ്ങൾക്ക് ഇഷ്ടമായിരുന്നു. പക്ഷേ അദ്ദേഹം വന്ന് ഞങ്ങളെ വെവ്വേറെ ഇരുത്തുമായിരുന്നു," ഒരു എം.ബി.ബി.എസ്. വിദ്യാർത്ഥി പറഞ്ഞു.
സർവകലാശാല ജീവനക്കാരുടെ അഭിപ്രായത്തിൽ, ഉമർ അന്തർമുഖനും ഒതുങ്ങിക്കൂടുന്ന സ്വഭാവക്കാരനുമായിരുന്നു. 'ഡോക്ടർമാരുടെ ഭീകരസംഘ'ത്തിലെ പ്രധാന കണ്ണിയെന്ന് ആരോപിക്കപ്പെടുന്ന ഡോ. മുസമ്മിൽ സയീദ്, സ്ഫോടനത്തിന് മുൻപ് സർവകലാശാലാ കാമ്പസിന് പുറത്തുള്ള ഒരു റെസിഡൻഷ്യൽ കോളനിയിൽ രണ്ട് മുറികൾ വാടകയ്ക്ക് എടുത്തിരുന്നു.
മുറി ലഭിക്കുന്നതിനായി മുസമ്മിൽ തങ്ങളോട് കള്ളം പറഞ്ഞുവെന്നും, പിന്നീട് ഈ മുറികൾ സ്‌ഫോടകവസ്തുക്കൾ സൂക്ഷിക്കാൻ ഉപയോഗിച്ചുവെന്നുമാണ് നാട്ടുകാർ ആരോപിക്കുന്നത്. രണ്ടു മാസത്തെ വാടക മുൻകൂറായി തന്നു. അതിനുശേഷം അയാള്‍ തിരികെ വന്നിട്ടില്ല," കെട്ടിട ഉടമ പറഞ്ഞു.
അൽ ഫലാഹ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാഭ്യാസത്തിന്റെയും അടിസ്ഥാന സൗകര്യങ്ങളുടെയും ഗുണനിലവാരത്തിലുള്ള അതൃപ്തി ചില വിദ്യാർത്ഥികൾ പ്രകടിപ്പിച്ചു. "പഠിപ്പിക്കുന്നത് മോശമാണ്, സൗകര്യങ്ങൾ നല്ലതല്ല, പ്രാക്ടിക്കലുകൾ പോലും കൃത്യസമയത്ത് നടത്തുന്നില്ല," ഒരു വിദ്യാർത്ഥി പറഞ്ഞു.
'ഡോക്ടർമാരുടെ ഭീകരസംഘ'ത്തിലെ പ്രധാന കണ്ണിയെന്ന് ആരോപിക്കപ്പെടുന്ന, പോലീസ് കസ്റ്റഡിയിലുള്ള ഡോ. ഷഹീൻ ഷാഹിദിനെ, "വളരെ നന്നായി പഠിപ്പിക്കുമായിരുന്ന" ഷഹീൻ മാഡം എന്ന് ഒരു വിദ്യാർത്ഥി സ്നേഹത്തോടെ ഓർത്തു. ചെങ്കോട്ട സ്ഫോടനത്തെ തുടർന്ന്, അൽ ഫലാഹ് യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ എത്തുന്ന രോഗികളുടെ എണ്ണത്തിൽ കുത്തനെ കുറവുണ്ടായതായി അധികൃതർ അറിയിച്ചു.
ഭീകരപ്രവർത്തനങ്ങളിൽ ഏർപ്പെട്ട വ്യക്തികൾ എങ്ങനെയാണ് ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനുള്ളിൽ പ്രവർത്തിച്ചതെന്ന് അധികൃതർ അന്വേഷിച്ചുവരികയാണ്. അൽ ഫലാഹ് യൂണിവേഴ്‌സിറ്റി കാമ്പസ് നിരീക്ഷണത്തിൽ തുടരുകയാണ്. ചെങ്കോട്ട ഭീകരാക്രമണത്തിന്റെ ചുരുളഴിക്കുന്നത് വെല്ലുവിളി നിറഞ്ഞ ദൗത്യമായിരിക്കുമെന്നാണ് ഉദ്യോഗസ്ഥർ അഭിപ്രായപ്പെടുന്നത്.