ന്യൂഡൽഹി: ഡൽഹി ചെങ്കോട്ട സ്ഫോടനക്കേസിൽ നിർണായക തെളിവുകളുമായി അന്വേഷണം ശക്തമാക്കുന്നു. സ്ഫോടനം നടന്ന സമയത്തെ ട്രാഫിക് സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. സ്ഫോടനം നടന്നതിന് പിന്നാലെ സിസിടിവി നിരീക്ഷണം നിലച്ചതായും കണ്ടെത്തിയിട്ടുണ്ട്. റെഡ് ഫോർട്ട് ചൗക്ക് ട്രാഫിക് സിഗ്നലിലെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്.(Delhi blast, CCTV footage from traffic signal released)
അറസ്റ്റിലായ മുഖ്യപ്രതികളിൽ ഒരാളായ ഡോ. മുസമ്മിൽ ഒളിച്ചു താമസിച്ചിരുന്നതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. ഹരിയാനയിലെ ഫരീദാബാദിലെ താഗ ഗ്രാമത്തിലാണ് ഇയാൾ ഒളിവിൽ താമസിച്ചിരുന്നത്. ഈ ഒളിത്താവളത്തിൽ നിന്നാണ് ഏകദേശം 2600 കിലോ സ്ഫോടകവസ്തുക്കൾ അന്വേഷണ ഏജൻസികൾ കണ്ടെത്തിയത്.
ഡോ. മുസമ്മിൽ ഒരാഴ്ചയോളമായി ഇവിടെ ഒളിച്ച് താമസിക്കുകയായിരുന്നു. ഇവിടെ നിന്നാണ് പോലീസിന് ഇയാളെ പിടികൂടാനായത്. സ്ഫോടനം നടത്തിയ ഉമർ മുഹമ്മദ് കാർ കൈക്കലാക്കിയ ശേഷം സർവകലാശാല കാമ്പസിലാണ് ഒളിപ്പിച്ചത് എന്ന വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചു. ഒക്ടോബർ 29 മുതൽ നവംബർ 10 വരെ ഉമർ, താൻ വാങ്ങിയ ഐ20 കാർ കാമ്പസിനുള്ളിൽ പാർക്ക് ചെയ്തിരുന്നു.
കൂട്ടാളികൾ പിടിയിലായ വിവരമറിഞ്ഞതോടെ കാമ്പസിലെത്തിയ ഉമർ കാർ എടുത്ത് പുറപ്പെട്ടതായാണ് സൂചന. ഹരിയാന പോലീസ് ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു. ഡൽഹി സ്ഫോടന കേസിന്റെ അന്വേഷണം ഊർജിതമാക്കുന്നതിന്റെ ഭാഗമായി എൻഐഎ 10 അംഗ പ്രത്യേക സംഘത്തെ രൂപീകരിച്ചു. എൻഐഎ എ.ഡി.ജി. വിജയ് സാക്കറെ ആയിരിക്കും സംഘത്തെ നയിക്കുക.
ഐ.ജി., രണ്ട് ഡി.ഐ.ജി.മാർ, മൂന്ന് എസ്.പി.മാർ, ഡിവൈ.എസ്.പി.മാർ എന്നിവർ സംഘത്തിലുണ്ട്. ഡൽഹി, ജമ്മു കശ്മീർ പോലീസ് രജിസ്റ്റർ ചെയ്ത കേസ് ഫയലുകൾ എൻഐഎക്ക് കൈമാറും. കേസ് ചർച്ച ചെയ്യുന്നതിനായി എൻ.ഐ.എ. ഡി.ജിയും ഐ.ബി. മേധാവിയും ഇന്ന് യോഗം ചേരും.
വൈറ്റ് കോളർ ഭീകരസംഘം ഡൽഹിയിൽ നിന്ന് രണ്ട് കാറുകൾ വാങ്ങിയതായി അന്വേഷണത്തിൽ കണ്ടെത്തി. രണ്ടാമത്തെ കാറിനായി അന്വേഷണം ഊർജിതമാക്കി. കാർ കണ്ടെത്താൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. അറസ്റ്റിലായവരുടെയും കസ്റ്റഡിയിലെടുത്തവരുടെയും കോൾ ലോഗുകൾ, ആധാർ കാർഡ്, ഡ്രൈവിംഗ് ലൈസൻസുകൾ ഉൾപ്പെടെയുള്ള രേഖകളും വിശദമായി പരിശോധിച്ചുവരികയാണ്.
ജമ്മു കശ്മീർ, ഡൽഹി പോലീസ് എന്നിവരിൽനിന്ന് എൻ.ഐ.എ. കേസിന്റെ രേഖകൾ ഏറ്റെടുത്തു. ചെങ്കോട്ടയിലും മെട്രോ സ്റ്റേഷനിലും നിയന്ത്രണം. വിശദമായ അന്വേഷണത്തിന്റെ ഭാഗമായി സുരക്ഷാ നടപടികൾ ശക്തമാക്കി. അടുത്ത മൂന്ന് ദിവസത്തേക്ക് ചെങ്കോട്ടയിൽ സന്ദർശകർക്ക് പ്രവേശനം അനുവദിക്കില്ല.
സുരക്ഷാ കാരണങ്ങളാൽ, ലാൽ കില മെട്രോ സ്റ്റേഷന്റെ വയലറ്റ് ലൈനും ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (ഡി.എം.ആർ.സി.) അടച്ചിട്ടിരിക്കുകയാണ്. കേസിന്റെ വിവരങ്ങൾ പരിശോധിക്കുന്നതിനും ഭീകരാക്രമണത്തിന്റെ ഗൂഢാലോചനയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനുമായാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.