ഡൽഹി സ്ഫോടനം: 70 കിലോയോളം അമോണിയം നൈട്രേറ്റ് ഉപയോഗിച്ചതായി കണ്ടെത്തൽ, സൈന്യം ഉപയോഗിക്കുന്ന രാസവസ്തുക്കൾ ഉപയോഗിച്ചു ? അന്വേഷണം ഊർജിതം | Delhi blast

ഡൽഹി സ്ഫോടനം: 70 കിലോയോളം അമോണിയം നൈട്രേറ്റ് ഉപയോഗിച്ചതായി കണ്ടെത്തൽ, സൈന്യം ഉപയോഗിക്കുന്ന രാസവസ്തുക്കൾ ഉപയോഗിച്ചു ? അന്വേഷണം ഊർജിതം | Delhi blast

നടത്തിയത് ചാവേർ ആക്രമണം ആയിരുന്നില്ല എന്നാണ് പ്രാഥമിക നിഗമനം.
Published on

ന്യൂഡൽഹി : ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്ഫോടനക്കേസിൽ അന്വേഷണം ഊർജിതമാക്കി എൻ.ഐ.എ. സ്ഫോടനത്തിന് ഉപയോഗിച്ച രാസവസ്തുക്കളുടെ സ്വഭാവം, പ്രതിയുടെ യാത്രാവിവരങ്ങൾ, ഭീകര സംഘടനകളുടെ പങ്ക് എന്നിവ സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.(Delhi blast, Around 70 kg of ammonium nitrate found used)

സ്ഫോടനസ്ഥലത്ത് നിന്ന് അമോണിയം നൈട്രേറ്റിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഇത് സൈനിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന തരം രാസവസ്തുക്കൾ സ്ഫോടനത്തിനായി ഉപയോഗിച്ചോ എന്ന സംശയം ബലപ്പെടുത്തുന്നു. കാറിൽ ഏകദേശം 70 കിലോയോളം അമോണിയം നൈട്രേറ്റ് ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം. മറ്റ് പദാർത്ഥങ്ങൾ ഉപയോഗിച്ചിട്ടുണ്ടോ എന്നത് ഫോറൻസിക് പരിശോധനകൾ പൂർത്തിയായാൽ മാത്രമേ വ്യക്തമാകൂ.

സ്‌ഫോടനം നടത്തിയത് ഡെറ്റൊണേറ്ററോ, ടൈമറോ ഉപയോഗിച്ചാണ് എന്നാണ് അന്വേഷണ ഏജൻസികളുടെ സൂചന. എന്നാൽ, തീ കെടുത്താൻ വെള്ളം ഉപയോഗിച്ചത് രാസപരിശോധനയ്ക്ക് വെല്ലുവിളിയാകുന്നുണ്ട്.

സ്ഫോടനം നടത്തിയ ഡോ. ഉമർ മുഹമ്മദ്, സ്ഫോടനത്തിന് മുൻപ് പതിനൊന്ന് മണിക്കൂറിലധികം ഡൽഹി നഗരത്തിൽ ചെലവഴിച്ചു. ഡൽഹിയിലെ തിരക്കേറിയ കൊണാട്ട് പ്ലേസ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഇയാൾ പോയെന്ന് പോലീസ് വൃത്തങ്ങൾ പറയുന്നു. ഫരീദാബാദിൽ നടന്ന അറസ്റ്റുകൾ അറിഞ്ഞതോടെ ഇയാൾ പരിഭ്രാന്തനാവുകയും അത് വലിയ ആക്രമണ പദ്ധതി തകരാൻ കാരണമാവുകയും ചെയ്തുവെന്നാണ് പോലീസ് വിലയിരുത്തൽ.

സ്ഫോടനത്തിൽ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.) അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഫരീദാബാദ്, സഹറൻപുർ എന്നിവിടങ്ങളിൽ നിന്ന് അറസ്റ്റിലായ ഡോക്ടർമാരായ ആദിൽ, മുസ്മീൽ, ഷഹീനാ എന്നിവരെ എൻ.ഐ.എ. കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. ആക്രമണത്തിൽ പാക് ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദിന്റെ പങ്ക് സംശയിക്കുന്നുണ്ടെങ്കിലും ഇത് സംബന്ധിച്ച് ഇതുവരെയും ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.

കശ്മീരിലെ പുൽവാമ സ്വദേശിയായ ഡോ. ഉമർ മുഹമ്മദ് നടത്തിയത് ചാവേർ ആക്രമണം ആയിരുന്നില്ല എന്നാണ് നിലവിലെ പ്രാഥമിക നിഗമനം. കാർ ഒരു ലക്ഷ്യത്തിലേക്ക് മനഃപൂർവ്വം കുതിക്കുകയോ ഇടിക്കുകയോ ചെയ്തിരുന്നില്ല. റെയ്ഡിൽ സ്ഫോടക വസ്തുക്കൾ കണ്ടെടുത്തത് പ്രതിയെ പരിഭ്രാന്തനാക്കി. നിർമാണം പൂർത്തിയാകാത്ത ബോംബ് അസമയത്ത് പൊട്ടിത്തെറിക്കുകയായിരുന്നുവെന്നും ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

സ്‌ഫോടനസ്ഥലത്ത് വീണ്ടും വിശദമായ പരിശോധന നടത്തുകയാണ്. ഐ.ഇ.ഡി. ഉപയോഗിച്ചോ എന്ന സാധ്യത പോലീസ് തള്ളിക്കളയുന്നില്ലെങ്കിലും ഇതുവരെയും വയറുകൾ, ടൈമർ ഉപകരണങ്ങൾ, ഡെറ്റൊണേറ്റർ, ബാറ്ററികൾ, ലോഹ ചീളുകൾ എന്നിവ പോലുള്ള ഐ.ഇ.ഡി.യുടെ ഘടകങ്ങൾ കണ്ടെത്താനായിട്ടില്ല.

സ്ഥലത്തുനിന്ന് കണ്ടെത്തിയ 40 എക്‌സിബിറ്റുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. പരിശോധനയ്ക്കിടെ രണ്ട് വെടിയുണ്ടകളും കണ്ടെത്തിയിട്ടുണ്ട്. ഈ തെളിവുകളുടെ ഫലങ്ങൾ പുറത്തുവരുന്നതോടെ സ്ഫോടനത്തിന്റെ രീതിയെക്കുറിച്ചും പിന്നിലെ ഗൂഢാലോചനയെക്കുറിച്ചും കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷ.

Times Kerala
timeskerala.com