2014 മുതൽ ഡീപ് ഫേക്കുകളെ കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു; ജയറാം രമേശ്

ന്യൂഡൽഹി: ഡീപ്പ് ഫേക്കുകളെ കുറിച്ച് പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ 2014 മുതൽ തങ്ങൾ ഈ വിഷയം ഉന്നയിക്കാറുണ്ടെന്നും കോൺഗ്രസിന്റെ വാദം. കഴിഞ്ഞ ദിവസം എ.ഐ സംവിധാനത്തിലൂടെ നിർമിച്ചെടുക്കാവുന്ന ഡീപ് ഫേക്ക് ചിത്രങ്ങൾ സമൂഹത്തിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. ഡീപ് ഫേക്കുകളെ കുറിച്ച് മാധ്യമങ്ങൾ ജനങ്ങളെ ബോധവത്ക്കരിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. താൻ ഗർബ നൃത്തം കളിക്കുന്നതിന്‍റെ എ.ഐ ഉപയോഗിച്ച് നിർമിച്ചെടുത്ത വീഡിയോ കണ്ടിരുന്നുവെന്നും അത് വ്യാജമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

അതേസമയം സമൂഹ മാധ്യമങ്ങളിൽ നടി രശ്മിക മന്ദാനയുടെ ഡീപ്ഫെയ്ക് വീഡിയോ പ്രചരിപ്പിച്ച 19 കാരനായ ബീഹാറി സ്വദേശിയെ കഴിഞ്ഞ ദിവസം പൊലീസ് പടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തു. എന്നാൽ വീഡിയോ ആദ്യം ഷെയർ ചെയ്ത വ്യക്തി എന്നതിനപ്പുറം പ്രതിയെ അറസ്റ്റ് ചെയ്ത് മുൻപോട്ടുള്ള നടപടിയെടുക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ഇപ്പോൾ പുറത്തുവരുന്ന വിവരം അനുസരിച്ച് ഡീപ്ഫെയ്ക് വീഡിയോകളിൽ രശ്മിക മാത്രമല്ല ഇരയായിട്ടുള്ളത്. ബോളിവുഡ് നടി കജോളിന്റെ ഡീപ്ഫെയ്ക് പുറത്തു വന്നതായുള്ള വാർത്തകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഒരാളെ പിടികൂടിയതു കൊണ്ടോ ചോദ്യം ചെയ്തതു കൊണ്ടോ ഇത്തരം കേസുകൾ അവസാനിക്കുന്നില്ല.