ബംഗളൂരുവില്‍ 7.83 കോടി രൂപയുടെ മാരക ലഹരിമരുന്നുകള്‍ പിടികൂടി

ബംഗളൂരു: നഗരത്തില്‍ വിവിധയിടങ്ങളിലായി നടന്ന റെയ്ഡില്‍ 7.83 കോടി രൂപയുടെ മാരകമായ ലഹരിമരുന്നുകള്‍ പിടിച്ചെടുത്തു. ബംഗളൂരു പോലീസിന് കീഴിലുള്ള സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചിന്‍റെ ലഹരിവിരുദ്ധ സ്‌ക്വാഡ് നടത്തിയ പ്രത്യേക പരിശോധനയിലാണ് ഇവ കണ്ടെടുത്തത്. കേസുമായി ബന്ധപ്പെട്ട് നാലു മലയാളികളും മൂന്നു വിദേശികളുമടക്കം പതിനാലു പേരെ പിടികൂടിയിട്ടുണ്ട്. ഇതില്‍ മൂന്നു പേര്‍ ബെംഗളൂരു സ്വദേശികളും നാലു പേര്‍ ഒഡീഷ സ്വദേശികളുമാണ്. ഇവരുടെ പേരുവിവരങ്ങള്‍ ക്രൈം ബ്രാഞ്ച് പുറത്ത് വിട്ടിട്ടില്ല.

182 കിലോഗ്രാം കഞ്ചാവ്, 1.45 കിലോഗ്രാം ഹാഷിഷ് ഓയില്‍, 16.2 ഗ്രാം എം.ഡി.എം.എ., 135 എക്സ്റ്റസി ഗുളികകള്‍, ഒരു കിലോഗ്രാം മെഫെഡ്രോണ്‍ പൗഡര്‍, 870 ഗ്രാം മെഫെഡ്രോണ്‍ ക്രിസ്റ്റല്‍, 80 ഗ്രാം കൊക്കെയ്ന്‍, 155 ഗ്രാം എം.ഡി.എം.എ എക്സ്റ്റസി പിങ്ക് പൗഡര്‍, 65 ഗ്രാം എം.ഡി.എം.എ എക് സ്റ്റസി ബ്രൗണ്‍ പൗഡര്‍ എന്നിവയാണ് ഇവരില്‍ നിന്നും പിടികൂടിയത്.
കര്‍ണാടകയില്‍ ഇതുവരെ നടന്നതില്‍ ഏറ്റവും വലിയ ലഹരിവേട്ടയാണിത്. 'മെഫെഡ്രോണ്‍' എന്ന മാരക ലഹരിമരുന്നും പിടികൂടിയവയിലുണ്ടെന്നും ആദ്യമായാണ് കര്‍ണാടകയില്‍ നിന്നും ഈ ലഹരിമരുന്ന് പിടികൂടുന്നതെന്നും പോലീസ് വ്യക്തമാക്കി.
നൈജിരീയന്‍ പൗരനായ ടൊചുക്വ ഫ്രാന്‍സിസ് ആണ് മെഫെഡ്രോണ്‍ എത്തിച്ചതെന്നും പോലീസ് പറഞ്ഞു. തുണി ഇസ്തിരിയിടുന്ന മേശയില്‍ ഒളിപ്പിച്ച നിലയിലാണ് ഇയാള്‍ ലഹരി വസ്തുക്കള്‍ എത്തിച്ചിരുന്നതെന്നും സൂചനയുണ്ട്.