Times Kerala

സൈബര്‍ തട്ടിപ്പ്; 300 രൂപയുടെ ലിപ്സ്റ്റിക് ഓര്‍ഡര്‍ ചെയ്ത വനിതാ ഡോക്ടര്‍ക്ക് നഷ്ടമായത് ഒരുലക്ഷം രൂപ

 
സൈബര്‍ തട്ടിപ്പ്; 300 രൂപയുടെ ലിപ്സ്റ്റിക് ഓര്‍ഡര്‍ ചെയ്ത വനിതാ ഡോക്ടര്‍ക്ക് നഷ്ടമായത് ഒരുലക്ഷം രൂപ
മുംബൈ: ഓണ്‍ലൈനില്‍ 300 രൂപയുടെ ലിപ്സ്റ്റിക് ഓര്‍ഡര്‍ ചെയ്ത വനിതാ ഡോക്ടര്‍ക്ക് സൈബര്‍ തട്ടിപ്പിലൂടെ നഷ്ടമായത് ഒരുലക്ഷം രൂപ. നവിമുംബൈയില്‍ താമസിക്കുന്ന വനിതാ ഡോക്ടറാണ് തട്ടിപ്പിനിരയായത്. നവംബര്‍ രണ്ടാം തീയതിയാണ് ഒരു ഇ-കൊമേഴ്‌സ് വെബ്‌സൈറ്റില്‍ ഡോക്ടര്‍ ലിപ്‌സ്റ്റിക് ഓര്‍ഡര്‍ ചെയ്തത്. ഏതാനുംദിവസങ്ങള്‍ക്ക് ശേഷം കൊറിയർ കമ്പനിയുടേതെന്ന പേരില്‍ സാധനം ഡെലിവറി ചെയ്തതായുള്ള സന്ദേശം ലഭിച്ചു. എന്നാല്‍, സാധനം കിട്ടാതെ ഡെലിവറി ചെയ്‌തെന്ന സന്ദേശം ലഭിച്ചതോടെ വനിതാ ഡോക്ടര്‍ സന്ദേശത്തിലുണ്ടായിരുന്ന നമ്പറില്‍  വിളിച്ചു. പിന്നാലെ കസ്റ്റമര്‍കെയര്‍ എക്‌സിക്യൂട്ടിവെന്ന പേരില്‍ ഒരാള്‍ പരാതിക്കാരിയെ വിളിക്കുകയും ഓര്‍ഡര്‍ പിടിച്ചുവെച്ചിരിക്കുകയാണെന്നും രണ്ടുരൂപ കൂടി അടയ്ക്കണമെന്ന് നിർദ്ദേശം നൽകുകയും ചെയ്തു. ഇതിനായി ബാങ്ക് വിവരങ്ങള്‍ കൈമാറാനായി ഒരുലിങ്കും അയച്ചുനല്‍കി. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്തതോടെ മൊബൈലില്‍ ഒരു ആപ്ലിക്കേഷന്‍ ഓട്ടോമാറ്റിക്കായി ഡൗണ്‍ലോഡായെന്നാണ് പരാതിക്കാരി പറയുന്നത്. പിന്നീട് നവംബര്‍ 9-ാം തീയതിയാണ് ബാങ്ക് അക്കൗണ്ടില്‍നിന്ന് പണം പിന്‍വലിച്ചതായുള്ള സന്ദേശം ലഭിച്ചത്. ഒരുതവണ 95,000 രൂപയയും പിന്നാലെ 5000 രൂപയുമാണ് അക്കൗണ്ടില്‍നിന്ന് പിന്‍വലിച്ചതെന്നും പരാതിയില്‍ പറയുന്നു.  വനിതാ ഡോക്ടറുടെ പരാതിയില്‍ നെരൂള്‍ സൈബര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

Related Topics

Share this story