Times Kerala

യുവാക്കള്‍ പെട്ടെന്നു മരിക്കുന്നതിനു പിന്നിൽ കോവിഡ് വാക്സീൻ അല്ല: ഐസിഎംആർ പഠനം

 
യുവാക്കള്‍ പെട്ടെന്നു മരിക്കുന്നതിനു പിന്നിൽ കോവിഡ് വാക്സീൻ അല്ല: ഐസിഎംആർ പഠനം

ഡൽഹി: യുവാക്കൾക്കിടയിൽ പെട്ടെന്നുള്ള മരണം വർധിക്കുന്നതിന് പിന്നിൽ കോവിഡ് വാക്സിനേഷനല്ലെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) പഠനം. മാത്രമല്ല, കോവിഡ് വാക്സീന്റെ ഒരു ഡോസ് എങ്കിലും സ്വീകരിച്ചിട്ടുള്ളവരിൽ ഇത്തരത്തിലുള്ള മരണസാധ്യത കുറയ്ക്കുമെന്നും പഠനം പറയുന്നു.

യുവാക്കൾക്കിടയിൽ മരണം വർധിക്കുന്നത് കോവിഡ് വാക്സീൻ സ്വീകരിച്ചതു മൂലമാണെന്ന പ്രചാരണം രാജ്യത്ത് ശക്തമാകുന്നതിനിടെയാണ് ഐസിഎംആറിന്റെ പുതിയ പഠനറിപ്പോർട്ട് പുറത്തുവരുന്നത്. ജീവിതശൈലിയിൽ ഉണ്ടായ മാറ്റമാണ് ഇതിനു പിന്നിലെന്നും പഠനം അടിവരയിടുന്നുണ്ട്.

2021 ഒക്ടോബർ 1 മുതൽ 2023 മാർച്ച് 31 വരെ രാജ്യത്തെ 47 ആശുപത്രികൾ കേന്ദ്രീകരിച്ചായിരുന്നു ഐസിഎംആർ പഠനം നടത്തിയത്. അറിയപ്പെടാത്ത രോഗങ്ങൾ ഇല്ലാത്തവരും എന്നാൽ വിശദീകരിക്കാനാകാത്ത കാരണത്താലും മരിച്ച 18നും 45നും ഇടയിൽ പ്രായമുള്ളവരെ അടിസ്ഥാനമാക്കിയായിരുന്നു പഠനം. ഇത്തരത്തിലുള്ള 729 കേസുകളാണ് സംഘം പഠനത്തിനു വിധേയമാക്കിയത്. രണ്ടു ഡോസ് കോവിഡ് വാക്സീൻ എടുത്തവർക്ക് പെട്ടെന്നുള്ള മരണം ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നാണ് പഠനത്തിൽ കണ്ടെത്തിയത്. ഒരു ഡോസ് എടുത്തവർക്കും സാധ്യത കുറയുമെങ്കിലും ഇത്രയും ഫലം ലഭിക്കില്ല.

Related Topics

Share this story