കോൺഗ്രസ് നേതാവ് ഷക്കീൽ അഹമ്മദ് പാർട്ടി വിട്ടു: ബിഹാർ തെരഞ്ഞെടുപ്പിന് പിന്നാലെ രാജി | Congress

കോൺഗ്രസ് നേതാവ് ഷക്കീൽ അഹമ്മദ് പാർട്ടി വിട്ടു: ബിഹാർ തെരഞ്ഞെടുപ്പിന് പിന്നാലെ രാജി | Congress

മറ്റൊരു പാർട്ടിയിലും ചേരില്ലെന്നും അദ്ദേഹം അറിയിച്ചു
Published on

പട്‌ന: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ഷക്കീൽ അഹമ്മദ് പാർട്ടിയിൽ നിന്ന് രാജിവെച്ചു. മുൻ എംപിയും അഞ്ചു തവണ എംഎൽഎയുമായിരുന്ന അദ്ദേഹം കോൺഗ്രസ് ദേശീയ വക്താവായും പ്രവർത്തിച്ചിട്ടുണ്ട്. ബിഹാറിൽ നിന്നുള്ള പ്രമുഖ നേതാവാണ് ഷക്കീൽ അഹമ്മദ്.(Congress leader Resigns after Bihar elections)

പാർട്ടിയുടെ ഇപ്പോഴത്തെ നേതൃത്വത്തിലെ ചില നേതാക്കളുമായുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് രാജിയിലേക്ക് നയിച്ചതെന്ന് ഷക്കീൽ അഹമ്മദ് രാജിക്കത്തിൽ വ്യക്തമാക്കി. അതേസമയം, മറ്റൊരു പാർട്ടിയിലും ചേരില്ലെന്നും, തന്റെ അന്ത്യം വരെ കോൺഗ്രസ് ആശയങ്ങളിലും തത്വങ്ങളിലും അടിയുറച്ചു നിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂർത്തിയായതിന് തൊട്ടുപിന്നാലെയാണ് ഈ നിർണായക രാജി എന്നത് ശ്രദ്ധേയമാണ്.

ബിഹാറിൽ എൻഡിഎ അധികാരം നിലനിർത്തുമെന്നാണ് പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങളെല്ലാം പ്രവചിക്കുന്നത്. മഹാസഖ്യത്തിന് ഒരു സർവേയിലും കേവല ഭൂരിപക്ഷത്തിനുള്ള സാധ്യത പറയുന്നില്ല.

എൻഡിഎ 133 മുതൽ 167 സീറ്റുകൾ വരെ നേടുമെന്ന് പ്രവചിക്കപ്പെടുന്നു. മാട്രിസ് ഐഎഎൻഎസ് സർവേ എൻഡിഎക്ക് 167 സീറ്റുകൾ വരെയാണ് പ്രവചിക്കുന്നത്. മഹാസഖ്യം ഒരു പ്രവചനത്തിലും കേവല ഭൂരിപക്ഷത്തിനടുത്തെത്തുന്നില്ല.

അവസാന ഘട്ട വോട്ടെടുപ്പ് പൂർത്തിയായപ്പോൾ 69 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. എൻഡിഎയ്ക്ക് അനുകൂലമായി ഫലം വരാനുള്ള പ്രധാന കാരണമായി സർവേകൾ ചൂണ്ടിക്കാട്ടുന്നത് സ്ത്രീ വോട്ടർമാരുടെ നിലപാടാണ്. പതിനായിരം രൂപ അക്കൗണ്ടിലേക്കെത്തിച്ചതടക്കമുള്ള സ്ത്രീകൾക്കായി എൻഡിഎ സർക്കാർ നടത്തിയ പ്രഖ്യാപനങ്ങളും പദ്ധതികളുമാണ് സഖ്യത്തിന് അനുകൂലമായതെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.

മഹാസഖ്യം അധികാരത്തിൽ വരില്ലെന്ന് പ്രവചിക്കുമ്പോഴും, തേജസ്വി യാദവ് മുഖ്യമന്ത്രിയാകണമെന്ന് താൽപര്യപ്പെടുന്ന ഒരു ചെറിയ വിഭാഗം വോട്ടർമാർ ഉണ്ടെന്നും ചില സർവേകൾ ചൂണ്ടിക്കാട്ടുന്നു.

Times Kerala
timeskerala.com