ജയ്പൂർ: രാജസ്ഥാനിലെ ജയ്പൂരിൽ നീർജ മോദി സ്കൂളിൽ ആറാം ക്ലാസ് വിദ്യാർത്ഥിനി സ്കൂൾ കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. മരിച്ച 10 വയസ്സുകാരിയായ അമൈറയുടെ മരണത്തിന് കാരണം സ്കൂൾ അധികൃതരുടെ പീഡനമാണെന്ന് കുടുംബം ആരോപിച്ചു.(Class 6 student commits suicide by jumping from school building in Jaipur)
ഏകദേശം 47 അടി ഉയരത്തിൽ നിന്നാണ് കുട്ടി താഴേക്ക് ചാടിയത്. സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. പെൺകുട്ടി റെയിലിംഗ് കയറി ചാടുന്നതായി ദൃശ്യങ്ങളിൽ വ്യക്തമാണ്. പെൺകുട്ടി ആത്മഹത്യ ചെയ്യാനുള്ള കാരണം സംബന്ധിച്ച് പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
അപകടത്തിനു ശേഷം അമൈറയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അതേസമയം, പോലീസിന്റെ അന്വേഷണത്തിൽ സ്കൂൾ അധികൃതരുടെ ഭാഗത്തുനിന്ന് ദുരൂഹമായ ഇടപെടൽ ഉണ്ടായതായി കണ്ടെത്തിയിട്ടുണ്ട്.
അന്വേഷണത്തിനായി പോലീസ് സ്കൂളിൽ എത്തിയപ്പോൾ, കുട്ടി വീണ സ്ഥലത്തെ രക്തക്കറയൊന്നും ഇല്ലാതെ വൃത്തിയാക്കിയ നിലയിലായിരുന്നു. സ്കൂൾ അധികൃതരാണ് ഇത് ചെയ്തതെന്ന് പോലീസ് പറയുന്നു. അധ്യാപകരുടെയും സ്റ്റാഫിന്റെയും പങ്ക് അന്വേഷിക്കണമെന്നും, സ്കൂൾ പരിസരത്ത് ഇത്തരമൊരു സംഭവം എങ്ങനെയുണ്ടായി എന്ന് വ്യക്തമാക്കണമെന്നും രക്ഷിതാക്കൾ ആവശ്യപ്പെട്ടു.
മാതാപിതാക്കളുടെ ഏക മകളായിരുന്നു അമൈറ. ബാങ്കിൽ ജോലി ചെയ്യുന്ന അമ്മയും ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന അച്ഛനുമാണ് അമൈറയ്ക്കുള്ളത്. സംഭവത്തിന് ആറു മണിക്കൂറുകൾക്കുശേഷമാണ് പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി എഫ്.ഐ.ആർ. ഫയൽ ചെയ്തത്.