ചൈനീസ് ലോൺ ആപ്പുകൾക്ക് മറുപണി നൽകി യുവാവ്; തട്ടിയത് രണ്ട് ലക്ഷം

ഗുജറാത്തിലെ ഗാന്ധിനഗർ സ്വദേശിയായ സഞ്ജീവ് ബാരിയ(22) എന്ന യുവാവ് ആണ് ആപ്പുകൾക്ക് മറുപണി നൽകിയത്. വ്യാജ രേഖകളും ഫോട്ടോയും സൃഷ്ടിച്ച് ബാങ്ക് അക്കൗണ്ടുകൾ തുടങ്ങിയാണ് ബാരിയ തട്ടിപ്പിന് തുടക്കമിട്ടത്. ഓൺലൈനിലൂടെ ഇൻസ്റ്റന്റ് ലോൺ തരികയും തിരിച്ചടവ് മുടങ്ങിയാൽ ലോണെടുക്കുന്ന വ്യക്തിയുടെ കോൺടാക്ട് ലിസ്റ്റിലുള്ളവർക്ക് അശ്ലീല സന്ദേശങ്ങളും ലോൺ വിവരങ്ങളും അയയ്ക്കുകയും ചെയ്യുന്ന തട്ടിപ്പുകാരുടെ രീതി കൃത്യമായി മനസിലാക്കിയാണ് ബാരിയ തട്ടിപ്പ് നടത്തിയത്. ട്രേസ് ചെയ്യാൻ സാധിക്കാത്ത വ്യാജ പ്രൊഫൈലുകളിലൂടെ ബാരിയ നൽകിയ ലോൺ അപേക്ഷകൾ പരിഗണിച്ച ആപ്പുകൾ, ബാങ്ക് അക്കൗണ്ട് യഥാർഥമെന്ന് സ്ഥിരീകരിച്ച് പണം കൈമാറി. തിരിച്ചടവ് മുടങ്ങിയ വേളയിൽ നടത്തിയ അന്വേഷണത്തിലാണ് ആപ്പുകൾക്ക് കാര്യം മനസിലായത്.
തട്ടിപ്പ് ആപ്പുകൾ പരാതി നൽകാൻ നിർവാഹമില്ലാത്തതിനാൽ സംഭവം ആരും അറിഞ്ഞിരുന്നില്ല. മറ്റൊരു കേസിൽ അറസ്റ്റിലായ വേളയിലാണ് ബാരിയ ഈ കേസിന്റെ വിവരം പോലീസിനോട് പറയുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആപ്പുകളിൽ നിന്ന് ഇയാൾ രണ്ട് ലക്ഷം രൂപ തട്ടിയെടുത്തതായി വ്യക്തമാവുകയായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുകയാണെന്ന് പോലീസ് അറിയിച്ചു.