ചെന്നൈ മെട്രോ ട്രെയിൻ തുരങ്ക പാതയ്ക്കുള്ളിൽ നിശ്ചലമായി: വൈദ്യുതിയും നിലച്ചു, യാത്രക്കാർ നടന്ന് പുറത്തെത്തി | Chennai Metro

സർവീസ് പുനഃസ്ഥാപിച്ചു എന്ന് അധികൃതർ അറിയിച്ചു
ചെന്നൈ മെട്രോ ട്രെയിൻ തുരങ്ക പാതയ്ക്കുള്ളിൽ നിശ്ചലമായി: വൈദ്യുതിയും നിലച്ചു, യാത്രക്കാർ നടന്ന് പുറത്തെത്തി | Chennai Metro
Updated on

ചെന്നൈ: ചെന്നൈ മെട്രോ റെയിൽ സർവീസിനിടെ തുരങ്കപാതയ്ക്കുള്ളിൽ ട്രെയിൻ നിശ്ചലമായതിനെ തുടർന്ന് യാത്രക്കാർ കുടുങ്ങി. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം. ട്രെയിനിൽ നിന്ന് പുറത്തിറങ്ങിയ യാത്രക്കാർ തുരങ്കത്തിലൂടെ നടന്ന് സമീപത്തെ ഹൈക്കോടതി മെട്രോ സ്റ്റേഷനിലെത്തി.(Chennai Metro train stalled inside tunnel, power outage )

വിംകോ നഗറിനും ചെന്നൈ വിമാനത്താവളത്തിനും ഇടയിലുള്ള ബ്ലൂലൈനിലാണ് ട്രെയിൻ തുരങ്കത്തിൽ കുടുങ്ങിയത്. സെൻട്രൽ മെട്രോ സ്റ്റേഷനും ഹൈക്കോടതി സ്റ്റേഷനും ഇടയിൽ വെച്ചായിരുന്നു സംഭവം. സാങ്കേതിക തകരാർ കാരണമാണ് ട്രെയിൻ നിന്നുപോയതെന്നാണ് മെട്രോ റെയിൽ അധികൃതരുടെ വിശദീകരണം. ട്രെയിൻ പെട്ടെന്ന് നിന്നുപോയതിന് പിന്നാലെ ട്രെയിനുള്ളിലെ വൈദ്യുതി നിലച്ചതായി യാത്രക്കാർ പറഞ്ഞു. ഏകദേശം പത്ത് മിനിറ്റോളം യാത്രക്കാർ ട്രെയിനിൽ കുടുങ്ങിക്കിടന്നു.

തുടർന്ന് ട്രെയിനിൽനിന്ന് ഇറങ്ങാനും 500 മീറ്റർ അകലെയുള്ള തൊട്ടടുത്ത ഹൈക്കോടതി സ്റ്റേഷനിലേക്ക് നടന്നുപോകാനും അറിയിപ്പ് വന്നതോടെ യാത്രക്കാർ ട്രെയിനിൽനിന്നിറങ്ങി തുരങ്കപാതയ്ക്കുള്ളിലൂടെ നടന്നുപോവുകയായിരുന്നു. യാത്രക്കാർ തുരങ്കത്തിലൂടെ നടന്നുപോകുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

യാത്രക്കാരെ വളരെ വേഗത്തിൽ പുറത്തെത്തിച്ചെന്നും തകരാറിലായ ട്രെയിൻ ലൈനിൽനിന്ന് പിൻവലിച്ചതായും ചെന്നൈ മെട്രോ റെയിൽ അധികൃതർ അറിയിച്ചു. രാവിലെ 6.20-ഓടെ സർവീസുകൾ സാധാരണ നിലയിലായെന്നും യാത്രക്കാർക്ക് നേരിട്ട അസൗകര്യത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായും അധികൃതർ കൂട്ടിച്ചേർത്തു.

Related Stories

No stories found.
Times Kerala
timeskerala.com