ഡല്‍ഹി: ഡല്‍ഹി ഉള്‍പ്പെടെ ഇന്ത്യയിലെ പല പ്രധാന വിമാനത്താവളങ്ങളിലും സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ കഴിഞ്ഞ വര്‍ഷം ജിപിഎസ് സ്പൂഫിംഗ് നേരിടേണ്ടി വന്നുവെന്ന് കേന്ദ്രസർക്കാർ. വിമാനങ്ങളുടെ സർവീസിനെ നീക്കം ബാധിച്ചിട്ടില്ലെന്നും വിഷയത്തിൽ അടിയന്തര നടപടികൾ സ്വീകരിച്ചു. തിങ്കളാഴ്ച രാജ്യസഭയില്‍ വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഈ വെളിപ്പെടുത്തല്‍.
റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംഭവങ്ങളുടെ വ്യാപ്തിയും അവ പരിഹരിക്കാനെടുക്കുന്ന നടപടികളെക്കുറിച്ചും മന്ത്രി വിശദീകരിച്ചു. 2023 നവംബറില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) ജിപിഎസ് ജാമിംഗ് അല്ലെങ്കില്‍ സ്പൂഫിംഗ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് നിര്‍ബന്ധമാക്കിയിരുന്നു. ഇതിനുശേഷം, രാജ്യത്തെ ചില പ്രധാന വിമാനത്താവളങ്ങളില്‍ നിന്നും പതിവായി റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.കൊല്‍ക്കത്ത, അമൃത്സര്‍, മുംബൈ, ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
വിഷയത്തിൽ നവംബർ 10ന് തന്നെ ഡിജിസിഎ സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജർ (എസ്ഒപി) പുറപ്പെടുവിച്ചിട്ടുണ്ട്. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ, വയർലെസ് മോണിറ്ററിങ് ഓർഗനൈസേഷനോടു ജിപിഎസ് സ്പൂഫിങ്ങിന്റെ ഉറവിടുത്തെ സംബന്ധിച്ച് റിപ്പോർട്ട് ചോദിച്ചിട്ടുണ്ടെന്ന് കേന്ദ്ര വ്യോമയാന മന്ത്രി പറഞ്ഞു.